Trending Now

കരുതലും കൈത്താങ്ങും അദാലത്ത്: തിരുവല്ല

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് പൊതുകാര്യത്തിനും തത്സമയപരിഹാരംകണ്ട് മന്ത്രി പി.രാജീവ്

നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ മുന്നിലെത്തി.

നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യത്തിന് കാല്‍ നൂറ്റാണ്ടോളമുണ്ട് പഴക്കം. തടസങ്ങള്‍ പലവഴി വന്നു. അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി.മന്ത്രി പി രാജീവില്‍ നിന്നും അനുമതിപത്രം ഏറ്റുവാങ്ങുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും നാടിന്റെ ആവശ്യ പൂര്‍ത്തീകരണത്തിന്റെ ആഹ്‌ളാദമാണ് പങ്കിട്ടത്.2009 ല്‍ നെടുമ്പ്ര മണക്കാശേരി ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് 60 സെന്റ് സ്ഥലം വാങ്ങി. നിര്‍മാണത്തിന് ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തു. 60സെന്റില്‍ വയല്‍ ഉള്‍പ്പെട്ടതായിരുന്നു തടസവാദം. എന്നാല്‍ ശ്മശാനം പൂര്‍ണമായും കരഭൂമിയിലും വഴിക്കായി മാത്രമാണ് വയല്‍ ഉപയോഗിച്ചത് എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.

കരഭൂമിയും വയലും രണ്ട് വ്യത്യസ്ത സര്‍വേ നമ്പറുകളിലായിരുന്നു. ഇതോടെ ജനപക്ഷത്ത് നിന്ന് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. തടസങ്ങളകന്നതോടെ ഇംപാക്ട് കേരള വഴി കിഫ് ബിയില്‍ നിന്നും ഫണ്ട് കണ്ടെത്തി നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
തിരുവല്ല അദാലത്ത് മുത്തൂര്‍ ശ്രീ ഭദ്ര ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യവയായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യസാന്നിദ്ധ്യമായി. പരാതികള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനായി ഉദ്ഘാടന ചടങ്ങിലെ പ്രസംഗം ഒഴിവാക്കിയിരുന്നു.

മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ.ഡി.എം ബി. ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വേദിയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം മന്ത്രിമാര്‍ നടത്തി.

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍  നടപടി-മന്ത്രി വീണാ ജോര്‍ജ്

ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്ക മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി.

ഭിന്നശേഷി പാസ് ഉണ്ടായിട്ടും ചില സ്വകാര്യ ബസുകളിലെ യാത്രയ്ക്ക് ഇളവ് ലഭിക്കുന്നില്ലന്ന പരാതിയുമായാണ് തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് എത്തിയത്. 24 വയസ്സുള്ള അക്ഷയ്  തൊഴില്‍രഹിതനുമാണ്. ജോലിതേടിയാണ് മിക്ക യാത്രകളും. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭിന്നശേഷി പാസ് കാണിച്ചാല്‍ പോലും ചില ബസുകളില്‍ ഫുള്‍ ടിക്കറ്റ് നല്‍കുന്നു. തെളിവുമായാണ് പരാതിനല്‍കിയത്.

സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്കാണ് നിര്‍ദേശമുണ്ടായത്. ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പാക്കുക. പരാതിക്കാരന്‍ ഹാജരാക്കിയ ടിക്കറ്റുകള്‍ പരിശോധിച്ച് ഇളവ് നല്‍കാത്ത  ബസ്സുകള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുക- ഇതായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

ആധാരത്തിലെ പിഴവിനുമുണ്ട് മന്ത്രി പി. രാജീവിന്റെ പ്രതിവിധി

തെറ്റുവന്നത് ആധാരത്തിലെന്ന് കരുതി ഖിന്നരാകേണ്ടന്ന് മന്ത്രി പി. രാജീവിന്റെ തീര്‍പ്. നിരണം പഞ്ചായത്ത് കടമ്പ്ര വില്ലേജ് തഴകശേരില്‍ വീട്ടില്‍ ഷിജു കുമാര്‍-രമ ദമ്പതികളുടെ ആവശ്യ ആധാരത്തിലെ തെറ്റുതിരുത്തലാണെന്ന് കണ്ടാണ് മന്ത്രിയുടെ വാക്ക്.
ആധാരത്തിലെ സ്ഥലവിസ്തീര്‍ണത്തിലും സര്‍വേനമ്പറിലുമുള്ള വ്യത്യാസം പരിഹരിക്കാന്‍ പാടുപെടുകയായിരുന്നു ദമ്പതികള്‍. പുതിയ ആധാരം തയ്യാറാക്കാനായിരുന്നു ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള ഉപദേശം. ഭാരിച്ച ചിലവ് എങ്ങനതാങ്ങുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. പിഴതിരുത്താധാരത്തിന്റെ സാധ്യതതേടിയാണ് രമ ഒടുവില്‍ അദാലത്തിനെത്തിയത്.
കരം അടയ്ക്കാന്‍ സാഹചര്യം ഒരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.പരിശോധനയില്‍ മുന്‍ തണ്ടപേര്കക്ഷി പനപ്പാട് പതാരംപറമ്പില്‍ കുന്നന്‍ മകന്‍ തങ്കന്‍ എന്നയാളുടെ പേരില്‍ കൈമാറ്റം ചെയ്തതായി കണ്ടെത്തി. ഇതോടെ പിഴതിരുത്താധാരമെന്ന രമയുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് മന്ത്രി പി രാജീവ് ഉറപ്പുനല്‍കി. പിശുക്ക് തിരുത്തി ആധാരം നല്‍കുന്നമുറയ്ക്ക് പോക്കുവരവ് നടത്തി കരം ഒടുക്കാമെന്ന് കടമ്പ്ര വില്ലേജ് ഓഫീസറും അറിയിച്ചു.

കുറ്റൂര്‍ ജംഗ്ഷ്‌നില്‍ പോലീസ് പട്രോളിങ്ങും സിഗ്‌നല്‍ ലൈറ്റും ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം  

എട്ടു സ്‌കൂളുകളും ഒട്ടേറെ  സര്‍ക്കാര്‍ സ്ഥാപനങ്ങളും സമീപത്തായുള്ള കുറ്റൂര്‍ ജംഗ്ഷനില്‍ റോഡപകടങ്ങള്‍ പതിവാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന നിവേദനവുമായാണ് കുറ്റൂര്‍ അനുഗ്രഹ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകൃഷ്ണനും ഭാരവാഹികളും തിരുവല്ല അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ എത്തിയത്.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടക്കാരും സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള  വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന ജംഗ്ഷനില്‍ തിരക്കോടുതിരക്കാണ്.  വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലാണ് പ്രശ്‌നപരിഹാത്തിന് വേണ്ടത്. ഇതുണ്ടാകുന്നില്ലെന്ന്കണ്ടാണ് പരാതിക്ക് പിന്നില്‍.

പൊതുജനതാല്‍പര്യാര്‍ഥം നല്‍കിയ നിവേദനത്തില്‍ അടിയന്തരനടപടിക്കാണ്  മന്ത്രി നിര്‍ദേശം നല്‍കിയത്. ജംഗ്ഷനില്‍ രാവിലെയും വൈകിട്ടും പോലീസ് പട്രോളിംഗ് നടത്തിയിരിക്കണം. സീബ്രാ ക്രോസിങ്ങും റോഡിലെ സുരക്ഷാ മാര്‍ക്കിങ്ങുകളും ദേശീപാത വിഭാഗം ഉറപ്പാക്കണം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ സിഗ്‌നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

 

വീടിന് നമ്പര്‍ നല്‍കാനും വഴിയൊരുക്കി മന്ത്രി പി. രാജീവ്

വീടു കെട്ടുന്നതല്ല ഉടമസ്ഥാനാണെന്ന് ഉറപ്പാക്കലാണ് പ്രയാസമെന്ന് തിരിച്ചറിയുകയായിരുന്നു കവിയൂര്‍ സ്വദേശി വിനില്‍ ഗില്‍ബര്‍ട്ട്.  വീട് നമ്പറിനായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചിരുന്നില്ല. തിരുവല്ല താലൂക്ക് അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ഇടപെടലിലൂടെ ഉടന്‍ പരിഹാരമായി.

കന്യാകുമാരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കുടിയേറി താമസിച്ച വിനിലിന് സ്വന്തമായുള്ള അരയേക്കര്‍ ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള അനുമതി 2022ല്‍  പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു. 2024 ഒക്ടോബറില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി നമ്പറിനായി അപേക്ഷിച്ചപ്പോഴാണ് പുരയിടത്തില്‍ അതിര്‍ത്തിക്കല്ലുകള്‍ ഇല്ലെന്നും  പിന്നിലെ തോടുംവീടും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്നും മനസിലായത്.  വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയും വീടിന് ബലക്ഷയം ഉള്ളതായി ബോധ്യപ്പെടുകയും ചെയ്തു എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്.

അടിത്തറയോട് ചേര്‍ന്ന മണ്ണ്ഇളകിയതിനാല്‍ കയ്യേറിയിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു. വിനിലിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നത് നീണ്ടു പോകുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി പി. രാജീവ് ടൗണ്‍ പ്ലാനര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ വിനിലിന് കെട്ടിട നമ്പര്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതോടെ നാളുകള്‍ നീണ്ട വിനിലിന്റെ അലച്ചിലിന് പര്യവസാനവുമായി.

 

അനധികൃത കെട്ടിട നമ്പര്‍ ക്രമപ്പെടുത്തിയും പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

ഒരു  വ്യാഴവട്ടം മുമ്പ് കൃത്യമായി രേഖപ്പെടുത്തിയാല്‍ 2012 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് സ്ഥിരം കെട്ടിട നമ്പര്‍ നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് തിരുവല്ല നെടുമ്പ്രം വട്ടപ്പറമ്പില്‍ വീട്ടില്‍ ഏലിയാമ്മ ചാക്കോ അദാലത്തിലെത്തിയത്.

 

വീടിന്റെ മുന്‍പിലുള്ള പഞ്ചായത്ത് റോഡില്‍ നിന്ന് മതിയായഅകലമില്ലെന്ന കാരണംപറഞ്ഞാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ അനധികൃത നമ്പര്‍ നല്‍കിയതെന്നാണ് നവപഞ്ചായത്ത് അധികൃതരുടെ വാദം.

കെട്ടിടം ക്രമപ്പെടുത്തി ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പ കിട്ടുന്നില്ല, പഞ്ചായത്തില്‍ അടയ്‌ക്കേണ്ട കരവും മൂന്നിരട്ടിയായി. നോട്ടിഫൈഡ് റോഡ് അല്ലാത്തതിനാലും 2019 നവംബറില്‍ ചട്ടങ്ങള്‍ മാറുന്നതിനു മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായതിനാലും മൂന്നു മണിക്കൂറിനുള്ളില്‍ സ്ഥലം പരിശോധിച്ചു നമ്പര്‍ നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശംനല്‍കി. ഇത്പ്രകാരം പഞ്ചായത്ത് സാങ്കേതിക വിഭാഗം സ്ഥലപരിശോധന നടത്തി കെട്ടിട നമ്പര്‍ നല്‍കി കരമടച്ച  രസീത് മന്ത്രിയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിക്ക് കൈമാറി.

 

തീര്‍പ്പാക്കിയത് 78 ശതമാനം പരാതികളും

തിരുവല്ല താലൂക്ക് അദാലത്തിന്റെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 78% പരാതികളാണ് പരിഹരിച്ചത്. ആകെ 289 പരാതികള്‍ ലഭിച്ചു. 131 പരാതികള്‍ അദാലത്ത് ദിനത്തില്‍ കിട്ടി.  ഭിന്നശേഷിക്കാരനായ അക്ഷയ്ക്ക് സ്വകാര്യ ബസ്സില്‍ നേരിട്ട നീതി നിഷേധമുള്‍പ്പെടെ 29 പരാതികള്‍ പൂര്‍ണമായും 97 എണ്ണം ഭാഗികമായും പരിഹരിച്ചു എന്ന് മന്ത്രി വ്യക്തമാക്കി.

 

error: Content is protected !!