konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന്‍ പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്.
സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ വില്ലേജ് ഓഫീസർ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ ഇരു നിലവീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ. പി. ജയലാൽ .,ലീലാമണി വാസുദേവൻ., സി .വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.