പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ്  എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന  വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.  പരിശോധനയ്ക്ക് യഥാസമയം  ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുളളൂവെന്ന് പത്തനംതിട്ട ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  അഭിമുഖം 10 ന്

മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജൂണ്‍ 10 ന് രാവിലെ  11 ന് ഐ.ടി.ഐ യില്‍ ഇന്റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന്  വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ഒരേയൊരു ഭൂമിയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറാം
ലോക പരിസ്ഥിതി ദിനാചരണവും റാലിയും സംഘടിപ്പിച്ചു

ഒരേയൊരു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡര്‍ വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കാലാവസ്ഥാവ്യതിയാനവും കൃഷിയും എന്ന വിഷയത്തില്‍ കൃഷിവിജ്ഞാനകേന്ദ്രം, അഗ്രോണമി വിഭാഗം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ വിഭാഗം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.സിന്ധു സദാനന്ദന്‍, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗായത്രി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിന്ദു കെ നായര്‍ എന്നിവര്‍ സംസാരിച്ചു.

 

മുന്‍ഗണനാ വായ്പാ വിതരണത്തില്‍ ഉദാര സമീപനം സ്വീകരിക്കണം: ആന്റോ ആന്റണി എംപി
മുന്‍ഗണനാ വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്നും, വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ബാങ്കിംഗ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പാ വിതരണ ലക്ഷ്യം ആന്റോ ആന്റണി എംപി ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു.
ജില്ലയിലെ ബാങ്കുകളുടെ നിക്ഷേപം 1344 കോടി രൂപ വളര്‍ച്ചയോടെ ആകെ 56596 കോടി രൂപയായി ഉയര്‍ന്നു.  വായ്പകള്‍ 536 കോടി രൂപ വളര്‍ച്ചയോടെ 17359 കോടി രൂപയായും ഉയര്‍ന്നു. കാര്‍ഷിക വായ്പാ വിതരണ ലക്ഷ്യമായ 3155 കോടി രൂപ കവിഞ്ഞ് 4266 കോടി രൂപയിലെത്തി.  വ്യവസായ വായ്പാ വിതരണ ലക്ഷ്യമായ 1105 കോടി രൂപയില്‍ 1039 കോടി രൂപ നല്‍കി. മറ്റു മുന്‍ഗണനാ വായ്പകളും മുന്‍ഗണനേതര വായ്പകളും ഉള്‍പ്പെടെ 106 ശതമാനം ലക്ഷ്യം കൈവരിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.  റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ മിനി ബാലകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ റീജണല്‍ ഓഫീസ് പ്രതിനിധി  സജു കെ ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍        റിപ്പയറിംഗ് പരിശീലനം  ആരംഭിക്കും. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2270244, 2270243. ഈ ഫോണ്‍  നമ്പരുകളില്‍  പേര് രജിസ്റ്റര്‍ ചെയ്യാം.

വൃക്ഷതൈ നട്ടു
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഓഫിസിന് സമീപം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷമി വൃക്ഷതൈ നട്ടു. ഇലക്ഷന്‍ ക്ലാര്‍ക്ക് മോഹന കുമാര്‍, സോമന്‍, നജീം, റഫീസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന
പരീക്ഷ ഭവന്‍ 2022 മേയ് മാസത്തില്‍ നടത്തിയ കെ-ടെറ്റ് (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം. എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 9, 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30  വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.
കാറ്റഗറി- ഒന്നിന്  ജൂണ്‍ ഒന്‍പതിന്, കാറ്റഗറി രണ്ടിന്  10 ന്, കാറ്റഗറി മൂന്നിന്  13 ന്, കാറ്റഗറി- നാലിന് 14 ന്. സര്‍ട്ടിഫിക്കേറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി. മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. കോവിഡ്-19-ന്റെ പശ്ചാത്തലമുള്ളവരും പനിയുള്ളവരും പങ്കെടുക്കാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് അവസരം നല്‍കും.  കോവിഡ്-19-ന്റെ നിയന്ത്രണം കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ബന്ധപ്പെടേണ്ട നമ്പര്‍. 9847251419, 0469-2601349.

ഏകദിന ശില്‍പ്പശാല
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായുള്ള  ഏകദിന ശില്‍പ്പശാല  പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍  അഡ്വ. ടി. സക്കീര്‍ ഹുസൈന്‍  ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം ഒരുലക്ഷം സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങില്‍ വിവിധ സാധ്യത സംരംഭങ്ങളെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും വിശദീകരിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക വേണു, ജെറി അലക്സ്, എസ്. ഷമീര്‍, പ്രതിപക്ഷ നേതാവ് ജാസീംകുട്ടി, കൗണ്‍സില്‍ അംഗങ്ങളായ ശോഭ കെ മാത്യു, റോസ്ലിന്‍ സന്തോഷ്, വിമല ശിവന്‍, എസ്. ഷീല, കോയിപ്രം ബ്ലോക്ക് ഐ. ഇ. ഒ എ. ശ്രീഹരി, പത്തനംതിട്ട മുനിസിപ്പാലിറ്റി ഐ. ഇ. ഒ  ജാനിഷ എസ് മുഹമ്മദ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഖദീജ ബീവി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അനീഷ് നായര്‍, ഇന്റേണ്‍ എസ്. അല്‍ത്താഫ്, മോഹിത് എം നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
ഗ്രീന്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു

ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സാമൂഹിക വനവല്‍ക്കരണവിഭാഗത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി നടത്തിയ ഗ്രീന്‍ ഫുട്ബോള്‍ മത്സരം നടത്തി. നാട്ടിലെ യുവജനങ്ങള്‍ പങ്കെടുത്ത മത്സരത്തിന് മുന്‍പായി ടീം അംഗങ്ങള്‍ കളിക്കളത്തിലും പരിസരങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി. മത്സരം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഓംബുഡ്സ്മാന്‍ ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിലുറപ്പ് പ്രവൃത്തിക്കിടയില്‍ ഉണ്ടായ അപകടകത്തിന് ചികിത്സാ ചിലവിനത്തില്‍ 27090 രൂപ അനുവദിച്ച് ഉത്തരവായതായി ഓംബുഡ്സ്മാന്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ എട്ടിന്

കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ എട്ടിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.

ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം നടന്നു

ഞങ്ങളും കൃഷിയിലേക്ക് കോന്നി ബ്ലോക്ക് തല ഉദ്ഘാടനം പ്രമാടം തെങ്ങുംകാവ് ജി.എല്‍.പി.എസില്‍ ബ്ലോക്ക് പ്രസിഡന്റ് ജിജി സജി പരിസ്ഥിതി ദിനത്തില്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനിത് അധ്യക്ഷത വഹിച്ചു. കോന്നി കൃഷി അസി.ഡയറക്ടര്‍ ഷിജു കുമാര്‍, കവിത പിതാംബരന്‍, കൃഷി ഓഫിസര്‍ രഞ്ചിത്ത്, സിഡിഎസ് ചെയര്‍ പേഴ്സണ്‍ ബിന്ദു അനില്‍, പിടിഎ ഭാരവാഹികള്‍, കൃടുംബശ്രീ പ്രവര്‍ത്തകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ തടികസേരകളുടെ പ്ലാസ്റ്റിക് വരിഞ്ഞ് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്ത് വരിയേണ്ട കസേരകള്‍ പരിശോധിക്കാം.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ പതിനാറിന് ഉച്ചയ്ക്ക് രണ്ടു വരെ. ക്വട്ടേഷന്‍  സമര്‍പ്പിക്കേണ്ട  വിലാസം : ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട. ഫോണ്‍:0468-232524.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷം ആചരിച്ചു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വനമഹോത്സവ പരിപാടിയും പരിസ്ഥിതി ദിനാചരണവും  പ്രസിഡന്റ്  ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി വി അന്നമ്മ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ എ.എസ്. അശോക് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഇനങ്ങളില്‍പ്പെട്ട പതിനഞ്ചോളം ഫലവൃക്ഷത്തൈകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നട്ടു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലുപുന്നക്കാട് ,ഡിവിഷന്‍ അംഗങ്ങളായ വി.ജി. ശ്രീവിദ്യ, ജി ജി ചെറിയാന്‍ മാത്യു, സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ്.ബിജു, ബി ഡി ഒ സി.പി രാജേഷ് കുമാര്‍, ജോയിന്റ് ബി ഡി ഒ ജെ.ഗിരിജ, എം ജി എന്‍ ആര്‍ ഇ ജി എസ് ബ്ലോക്ക് എ ഇ അലന്‍ വര്‍ഗീസ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം കോഴഞ്ചേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ.റ്റി.ജോജിയുടെ അധ്യക്ഷതയില്‍ നടന്നു. സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടിവരുന്നുവെന്നും ഇത്തരംമാഫിയകള്‍ ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആയതിനാല്‍ ഇതു നിയന്ത്രിക്കുന്നതിന് പോലീസ് എക്സൈസ് വകുപ്പുകളുെട പരിശോധന ബസ്സ്സ്റ്റാന്റിനകത്ത് ശക്തമാക്കണമെന്ന് എം.പി.ആന്റോ ആന്റണിയുടെ പ്രതിനിധ ജെറിമാത്യുസാം, കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി മാത്യുമരോട്ടിമൂട്ടില്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി ബിജുമുസ്തഫ എന്നിവര്‍ അറിയിച്ചു. പത്തനംതിട്ട നഗരത്തിലും സ്‌കൂള്‍ പരിസരത്തും ഓഫീസ് പരിസരങ്ങളിലും നിരത്തുകളിലും തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തര പ്രാധാന്യം നല്‍കി പരിഹാരം കാണണമെന്നും കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ആറന്മുളപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ജോജി എന്നിവര്‍ അറിയിച്ചു. കുമ്പഴ പത്തനംതിട്ട റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളതായും ഇരുചക്രാഹനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാകുന്നുവെന്നും ഐഎന്‍എല്‍ ജില്ലാസെക്രട്ടറി ടി.ബിജു, മുസ്തഫ അറിയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയതിനിധികള്‍ എന്നിവര്‍ ഹാജരായി.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശിൽപ്പശാല പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഈ സാമ്പത്തികവർഷം ഒരുലക്ഷം സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങിൽ വിവിധ സാധ്യത സംരഭങ്ങളെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും വിശദീകരിച്ചു.

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരലി അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അംബിക വേണു, ജെറി അലക്സ്, ഷമീർ എസ്, പ്രതിപക്ഷ നേതാവ് ജാസീംകുട്ടി,കൗൺസിൽ അംഗങ്ങളായ ശോഭ കെ മാത്യു, റോസ്ലിൻ സന്തോഷ്, വിമല ശിവൻ, ഷീല എസ്, കോയിപ്രം ബ്ലോക്ക് ഐ. ഇ. ഒ ശ്രീ.ഹരി എ , പത്തനംതിട്ട മുനിസിപ്പാലിറ്റി ഐ. ഇ. ഒ ജാനിഷ എസ് മുഹമ്മദ്, എംപ്ലോയ്മെൻ്റ് ഓഫീസർ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പത്തനംതിട്ട ഖദീജ ബീവി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അനീഷ് നായർ,ഇന്റേൺ അൽത്താഫ് എസ്, മോഹിത് എം നായർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!