Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (03.12.2024)

 

ശബരിമല ക്ഷേത്ര സമയം (03.12.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30

രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

 

10 ദിവസം 420 പരിശോധന;49 കേസ്, 3,91,000 രൂപ പിഴ: ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമല: ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി.

തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായി ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്.

സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടത്തു. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീർഥാടർക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയതായും വരുംദിവസങ്ങളിലും തുടരുമെന്നും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ പരിശോധനയും ശക്തമാണ്.

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായർ, ഡ്യൂട്ടി മജിസ്‌ട്രേറ്റായ ഡെപ്യൂട്ടി കളക്ടർ എ. വിജയൻ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.കെ. ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സന്നിധാനത്തെ പരിശോധനകൾക്ക് നേതൃത്വം നൽകി.

ഇമചിമ്മാതെ സുരക്ഷയൊരുക്കി ദ്രുതകർമസേന– സന്നിധാനത്ത് സുരക്ഷയൊരുക്കി 125 ആർ.എ.എഫ് സേനാംഗങ്ങൾ

ശബരിമല: മഴയും വെയിലും മഞ്ഞുമൊന്നും കൂസാതെ സന്നിധാനത്ത് തീർഥാടകർക്ക് സുരക്ഷയൊരുക്കി 24 മണിക്കൂറും ജാഗരൂകരാണ് ദ്രുതകർമസേന (ആർ.എ.എഫ്). കേന്ദ്ര റിസർവ് പൊലീസ് സേനയുടെ ഭാഗമായ ആർ.എ.എഫിന്റെ ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് ജി. വിജയന്റെ നേതൃത്വത്തിൽ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.

സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തൽ തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും ആയുധധാരികളായ ആർ.എ.എഫ്. ഭടന്മാർ കാവലിനുണ്ട്. ഒരേ സമയം 40 സേനാംഗങ്ങളാണ് സുരക്ഷാജോലിയിലുള്ളത്. എട്ടു മണിക്കൂറാറുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം. സന്നിധാനത്തിനും പതിനെട്ടാംപടിക്കും സമീപം രണ്ടു നിരീക്ഷണ ടവറുകളും പതിനെട്ടാംപടിക്കു സമീപം സുരക്ഷാവേലിയും(ഡിഫെൻസ് മോർച്ച) സ്ഥാപിച്ചിട്ടുണ്ട്. തിക്കുംതിരക്കും മൂലമുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും അടിയന്തരസാഹചര്യങ്ങളെ നേരിടാനും പരിശീലനം നേടിയ ആർ.എ.എഫിന്റെ പ്രത്യേകസംഘവും സന്നിധാനത്തുണ്ട്.

എതുസാഹചര്യത്തെയും നേരിട്ട് തീർഥാടകർക്കും ക്ഷേത്രത്തിനും സുരക്ഷയൊരുക്കാൻ ആർ.പി.എഫ്. സജ്ജമാണെന്ന് ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് ജി. വിജയൻ പറഞ്ഞു. 2008 മുതൽ സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി. വിജയന്റെ നേതൃത്വത്തിലാണ്. മണ്ഡല-മകരവിളക്കു കാലം മുഴുവൻ ആർ.എ.എഫ്. സുരക്ഷയിലാണ് സന്നിധാനം

ഭസ്മക്കുളം സർവ പാപനാശിനി

ശബരിമല: സർവ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം. ഇതിനു പ്രാധാന്യം ഏറെയാണ്. ഭക്തരെ ഭഗവാന് സ്വയംസമർപ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തിൽ മുങ്ങി തോർത്താതെ വന്നാണ് നടത്തുന്നത്. അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്‌നാനം ചെയ്യുന്ന പതിവുമുണ്ട്. ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരുമുണ്ട്. പതിനെട്ടുവർഷമായി ശബരിമലയിലെത്തുന്നവർ ഭസ്മക്കുളത്തിൽ സ്നാനം ചെയ്തശേഷമാണ് തെങ്ങിൻ തൈ വയ്ക്കുന്നത്.

തപസ്വിനിയും കന്യകയുമായിരുന്ന ശബരി യാഗ അഗ്‌നിയിൽ ദഹിച്ച സ്ഥാനത്താണ് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നാണ് സങ്കൽപ്പം. അതിനാലാണ് ഇവിടുത്തെ സ്‌നാനം പാപനാശകമാണെന്ന് കരുതപ്പെടുന്നത്. സ്നാനശേഷം അയ്യപ്പദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.

ഭസ്മക്കുളത്തിൽ മുങ്ങിയുള്ള ശയനപ്രദക്ഷിണം നേരത്തെ എല്ലാ സമയവും നടത്താമായിരുന്നു. ഇപ്പോൾ അതിനു നിയന്ത്രണമുണ്ട്. ഹരിവരാസനം കഴിഞ്ഞ് നട അടച്ച ശേഷമാണ് ഇതിനുള്ള അവസരം. ഭസ്മക്കുളത്തിൽ എണ്ണയും സോപ്പും ഉപയോഗിക്കരുതെന്നും വസ്ത്രം ഉപേക്ഷിക്കരുതെന്നും നിബന്ധനയുണ്ട്. കുട്ടികളെ തനിയെ കുളത്തിൽ ഇറക്കരുത്.

ഡോളി പ്രീപെയ്ഡ് സംവിധാനം;തൊഴിലാളികളുടെ യോഗം ചേർന്നു

ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഡോളി തൊഴിലാളികളുടെ യോഗം ചേർന്നു. സന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. ഡോളി തൊഴിലാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. വിജിലൻസ് എസ്.പി: വി. സുനിൽ കുമാർ, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാർ, ഡോളി ചുമക്കുന്ന തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

സംഗീതാർച്ചന

കോഴിക്കോട് താമരശ്ശേരി സ്വദേശി ഏഴു വയസുകാരനായ സ്‌നിവിൻ ഷാജ് സന്നിധാനം ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗീതാർച്ചന. എക്‌സൈസ് ഓഫീസറായ ഷാജുവിന്റെയും ശാലിനിയുടെയും മകനായ സ്‌നിവിൻ കോരങ്ങാട് ഗവൺമെന്റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മുത്തശ്ശി ലീലയുടെ ആഗ്രഹപ്രകാരം ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനവും ആലപിച്ചു.

error: Content is protected !!