വനത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി
പുല്ലുമേടുനിന്നും സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർത്ഥാടക സംഘത്തെ പോലീസും എൻഡിആർഎഫും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള 17 പേരാണ് പുല്ലുമേടുനിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങിയത്. ഇതിൽ പരിക്കുപറ്റിയ മൂന്നുപേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശബരിമല ക്ഷേത്ര സമയം (22.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
തീർഥാടന പാതയിൽ ലഭിക്കും ‘പമ്പാ തീർത്ഥം’
തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
‘റിവേഴ്സ് ഓസ്മോസിസ് ‘(RO) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് ഇതിനായുള്ളത്.
പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1. 35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്.
നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്.
ഇത് കൂടാതെ പാണ്ടിത്തളത്തിന് സമീപം ദേവസ്വം ബോർഡിൻറെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകൾ ഉണ്ട് . കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ വാട്ടർ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പമ്പ ഹിൽ ടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു.
ഹിൽടോപ്പിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനേത്തുടർന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാൻ നടപടിയെടുത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ
മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോതെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.
മസിൽ കോച്ചിവലിക്കൽ, ഉളുക്ക്, കൈകാൽ വേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടാകുന്നവർ ധാരാളമായി ഇവിടെ ചികിത്സ തേടുന്നുണ്ട്. ദിവസവും ഇരുനൂറോളം പേർ ഇവരുടെ സഹായം തേടുന്നു.
ശരംകുത്തിയിൽ മൂന്നും സന്നിധാനത്ത് ഒന്നും ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്.
അയ്യപ്പ ഭക്തർക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർ, ശുചീകരണത്തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങിയവർക്കൊക്കെ ഈ കേന്ദ്രങ്ങൾ ആശ്വാസമാണ്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെൻ്ററും ചേർന്ന് ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.
സന്നിധാനത്ത് കരുതലായി അഗ്നി രക്ഷാസേന
സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ അഗ്നി രക്ഷാസേന (ഫയർ ആൻഡ് റെസ്ക്യൂ സർവീസ്) പൂർണ്ണ സജ്ജരാണ്. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒമ്പത് പോയിന്റു കളിലായാണ് ഫയർഫോഴ്സിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. തീർത്ഥാടനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സന്നിധാനത്ത് വിശദമായ ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നുവെന്ന് സന്നിധാനത്തെ ഫയർഫോഴ്സിന്റെ ചുമതല വഹിക്കുന്ന ഫയർ ഓഫീസർ സൂരജ് എസ് പറഞ്ഞു. തീ പിടിക്കാനും അപകടങ്ങൾ ഉണ്ടാകാനുമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു. ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി. ഹോട്ടലുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തീ പിടിക്കാനുള്ള സാധ്യതകളും തീപിടുത്തമുണ്ടായാൽ തടയുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നൽകി. അപ്പം, അരവണ പ്ലാന്റിലും സന്നിധാനത്ത് വെടിവഴിപാട് നടത്തുന്ന രണ്ട് വെടിത്തറകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വെടിമരുന്ന് സംഭരിച്ചു വെക്കുന്ന വനമേഖലയിലെ സ്ഥലത്തും സുരക്ഷാ പരിശോധനകൾ നടത്തി. സ്ട്രക്ച്ചറുകൾ, പ്രാഥമിക ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ, കട്ടിയുള്ള കോൺക്രീറ്റ് തൂണുകളും മറ്റും മുറിച്ചുമാറ്റുന്നതിനുള്ള സംവിധാനം, ശക്തിയേറിയ ലൈറ്റുകൾ, കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള റോപ്പ് റെസ്ക്യൂ കിറ്റ്, വയർലെസ് സംവിധാനം, ഭസ്മ കുളത്തിന് സമീപം ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടന പാതയിൽ മരം വീണ് തടസ്സം ഉണ്ടാകുമ്പോൾ നീക്കം ചെയ്യുക, സന്നിധാനത്ത് ആഴിയിലെ തീ നിയന്ത്രിക്കുക, അയ്യപ്പഭക്തന്മാർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ ശുചീകരണ പ്രവർത്തനങ്ങളിലും ഫയർഫോഴ്സ് സഹായങ്ങൾ ചെയ്യാറുണ്ട്. സന്നിധാനത്ത് പൊടി നീക്കം ചെയ്യുന്നതിന് ഫയർഫോഴ്സിന്റെ സംവിധാനം ഉപയോഗിച്ച് വെള്ളമടിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു. സിവിൽ ഡിഫൻസിലെ 15 അംഗങ്ങളും ഫയർഫോഴ്സിന്റെ സഹായത്തിനായി സന്നിധാനത്ത് ഉണ്ട്.
ആവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പർ 04735 202033
ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും
അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, വയർ സംബന്ധമായ അസുഖങ്ങൾ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ചികിത്സാ സൗകര്യമുണ്ട്. ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണെന്ന് ഡിസ്പെൻസറിയുടെ ചുമതലയുള്ള ചാർജ് മെഡിക്കൽ ഓഫീസർ ഡോ. എച്ച് കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലത്ത് ഇതുവരെ 5,632 പേർ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേർക്ക് ചികിത്സ നൽകുന്നുണ്ട്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെൻസറി പ്രവർത്തിക്കും. ശരീരത്തിൽ എണ്ണ തേച്ചുള്ള ഉഴിച്ചിൽ(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കൽ, ഒടിവിനും ചതവിനുമുള്ള ബാൻഡേജ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.