Trending Now

സംസ്ഥാന സ്‌കൂൾ കലോത്സവം:സ്വാഗതസംഘം രൂപീകരിച്ചു

 

തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.

സ്‌കൂൾ, ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിലെ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാർഥികളാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറ്റിപ്പത്തും, അറബിക്, സംസ്കൃതോത്സവങ്ങളിൽ പത്തൊമ്പത് വീതവും ഉൾപ്പെടെ ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാൾ, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോർ തിയേറ്റർ, എസ്.എം.വി സ്കൂൾ, മോഡൽ സ്കുൾ ഉൾപ്പെടെ നഗരത്തിൽ 25 ലധികം വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികൾ. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ. ജനറൽ കോർഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ പ്രവർത്തിക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്നും മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.

ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എമാരായ ആന്റണി രാജു, ജി സ്റ്റീഫൻ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!