Trending Now

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

 

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ്‌ ജുഡിഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്കാണ് റിമാൻഡ്‌ ചെയ്‌തത്.

മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി കെ ടി നിസാർ രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെ കണ്ണപുരത്ത്‌ വച്ചാണ്‌ കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിലെടുത്തത്‌. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കുശേഷമാണ്‌ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്‌.

ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീൻ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

error: Content is protected !!