Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 29/10/2024 )

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിനുളളില്‍ സമര്‍പ്പിക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയും സ്വീകരിക്കും. വിലാസം : ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട, ഫോണ്‍ : 0468 2324947.

ടെന്‍ഡര്‍

കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ ഇലക്ട്രിക് സ്‌കൂട്ടറും  മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.

ടെന്‍ഡര്‍

കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ കോസ്മറ്റോളജി കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ കോസ്മറ്റോളജി ലാബ്   ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.

ടെന്‍ഡര്‍

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍ /വിതരണക്കാരില്‍  നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 14. വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.

ക്വട്ടേഷന്‍

മിഷന്‍ ഗ്രീന്‍ ശബരിമല 2024-25 ന്റെ ഭാഗമായി കോറകോട്ടണ്‍ തുണിസഞ്ചി 30000 എണ്ണം തയാറാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. ഫോണ്‍ : 8129557741,
0468 2322014.

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത  പ്രഖ്യാപനം

കുളനട ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.ഗീതാദേവി, ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഉണ്ണികൃഷ്ണപിളള, വാര്‍ഡ് മെമ്പര്‍മാരായ ബിജു പരമേശ്വരന്‍, അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, ആര്‍.ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ചാന്ദ്‌നി, ജൂനിയര്‍സൂപ്രണ്ട് ആര്‍. രമാദേവി,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

കോന്നി താലൂക്ക് വികസന സമിതിയോഗം  നവംബര്‍ രണ്ടിന്

കോന്നി താലൂക്ക് വികസന സമിതിയോഗം  നവംബര്‍ രണ്ടിന് രാവിലെ 11 ന്് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി. സെപ്റ്റംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ നവംബര്‍ 12 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 15 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.  വെബ്‌സൈറ്റ് :  www.ihrd.ac.in

ശിശുദിനം വിപുലമായി സംഘടിപ്പിക്കും

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് സംഘടിപ്പിക്കുന്ന ശിശുദിനറാലിയില്‍  നഗരത്തിലെ  സ്‌കൂള്‍വിദ്യാര്‍ഥികള്‍ പങ്കെടുക്കും. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്ന്  ആരംഭിക്കുന്ന റാലി നഗരം ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.

കോഴഞ്ചേരിയില്‍ നടന്ന വര്‍ണ്ണോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളിന് ഏവര്‍ റോളിംഗ് ട്രോഫിയും ശിശുദിനറാലിയില്‍ ഏറ്റവും കൂടുതല്‍വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികളും  വിതരണംചെയ്യും.

ജില്ല കളക്ടര്‍ എസ് .പ്രേം കൃഷ്ണന്‍  ( ചെയര്‍മാന്‍), മാലേത്ത് സരളാ ദേവി , അജിത് കുമാര്‍ ആര്‍ , യു. അബ്ദുള്‍ ബാരി ( വൈസ് ചെയര്‍മാന്‍മാര്‍ ), ജി. പൊന്നമ്മ ( ജനറല്‍ കണ്‍വീനര്‍ ) , സലിം പി. ചാക്കോ , ബി.ആര്‍ അനില , പി.കെ മൈത്രി .(കണ്‍വീനേഴ്‌സ് ) എന്നിവര്‍ ഭാരവാഹികളായുള്ള സംഘാടകസമിതി രൂപികരിച്ചു.

ആലോചനാ യോഗം

കൊടുമണ്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നവംബര്‍ നാല് മുതല്‍ 15 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ആലോചനാ യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍  (30)രാവിലെ 11.30 ന് നടക്കും.

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ കാമ്പയിന്‍

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനം. ഈ വര്‍ഷം ഗാന്ധിജയന്തി മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് ജനകീയ കാമ്പയിന്‍. ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കി സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകള്‍, ഗ്രന്ഥശാലകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, യുവജനപ്രസ്ഥാനങ്ങള്‍ , വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് സംഘടിപ്പിക്കുന്നത്.

അഞ്ച് ഘട്ടങ്ങളിലായാണ് കാമ്പയിന്‍. ഒന്നാം ഘട്ടത്തില്‍ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, അയല്‍ക്കൂട്ടങ്ങളടക്കം 13353 സ്ഥാപനങ്ങളും ഓഫീസുകളുമാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്. എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, 810 ടൗണുകള്‍, 6048 വിദ്യാലയങ്ങള്‍, 315 പൊതുസ്ഥലങ്ങള്‍, 298 കലാലയങ്ങള്‍ ഹരിതമാക്കി പ്രഖ്യാപിക്കും. 24713 അയല്‍ക്കൂട്ടങ്ങളാണ് കേരളപ്പിറവിയില്‍ ഹരിത പദവിയിലേക്ക് എത്തുന്നത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീന്‍ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും ജനകീയ കാമ്പയിനില്‍ പങ്കുചേരും.


ഏകദിന പരിശീലനം നടത്തി

ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ഏകദിന ‘ഹൈജീയ 2.0’ കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ്  എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കായിരുന്നു പരിശീലനം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ്, സ്പെഷ്യല്‍ വേസ്റ്റ് മാനേജ്മെന്റ് ശക്തിപ്പെടുത്തുക, കൂട്ടായ ചര്‍ച്ചകള്‍ക്കുളള വേദി സൃഷ്ടിക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി രാജേഷ് കുമാര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ എഞ്ചിനീയര്‍ അനീഷ് ജേക്കബ്, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ ജോര്‍ജ്ജ് എം വര്‍ഗീസ്, ശുചിത്വ മിഷന്‍ എസ്ഡബ്ല്യൂഎം അസി. കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് പി കുമാര്‍, ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് വി അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ആനുകൂല്യവിതരണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡിന്റെയും ആനുകൂല്യവിതരണങ്ങളുടേയും ജില്ലാതല ഉദ്ഘാടനം വൈഎംസിഎ ഹാളില്‍ ബോര്‍ഡ് ഡയറക്ടര്‍  ഷെയ്ഖ്.പി.ഹാരിസ് നിര്‍വഹിച്ചു.കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ്,  കെ.എസ്.കെ.റ്റി.യു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണന്‍, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി അഡ്വ.കെ. ജി. രതീഷ് കുമാര്‍, ഡി.കെ.റ്റി.എഫ് സംസ്ഥാന സെക്രട്ടറി  ജോര്‍ജ് മോഡി, കെ.റ്റി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, ബീനാ ബാബു എന്നിവര്‍ പങ്കെടുത്തു.

പി.എസ്.സി അഭിമുഖം നവംബര്‍ ആറിന്

വിദ്യാഭ്യാസ വകുപ്പിലെ  ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് (കാറ്റഗറി നമ്പര്‍- 702/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  നവംബര്‍ ആറിന് ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എംഎസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0468 2222665.

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം നവംബര്‍ രണ്ടിന്

 താലൂക്ക് വികസന സമിതിയോഗം  നവംബര്‍ രണ്ടിന് രാവിലെ 11 ന്് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഡിജി കേരളം ജില്ലാതല പ്രഖ്യാപനം  (30)

ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലാതല പ്രഖ്യാപനം   (30) ന് . ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജന്‍ അധ്യക്ഷയാകും

. ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!