Trending Now

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/10/2024 )

സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു

ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു.

ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

 

ഗസ്റ്റ് അധ്യാപക അഭിമുഖം
2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ/ഗസ്റ്റ് അധ്യാപികയെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 30ന് രാവിലെ 11 നു അഭിമുഖത്തിന് ഹാജരാകണം.

മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 3.30ന് ഡർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ മത്സ്യബന്ധന-സാംസ്കാരിക യുവജനകാര്യ വകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഡോ.സി.ആർ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മലയാള ഭാഷയ്ക്കു നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് ഏഴാച്ചേരി രാമചന്ദ്രൻ, ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരെ സംസ്ഥാന സർക്കാർ ഈ ചടങ്ങിൽ വച്ച് ആദരിക്കും. ‘സമകാലിക ജനപഥം’ ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാപുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.

സീനിയർ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 45 വയസ്. മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം. പ്രതിമാസ വേതനം 42,000 രൂപ. കരാർ കാലാവധി ഒരു വർഷം. മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, ഫോൺ: 0471 2528855, 2528055

ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന നവംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.

സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി. അല്ലെങ്കിൽ മെഡിസിൻ / സർജറി / അനസ്തേഷ്യ / ഓർത്തോപീഡിക് / റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., റ്റി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ക്വട്ടേഷൻ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലേക്ക് ആയിരം ലാൻയാഡുകളും ഐ. ഡി. കാർഡിനുള്ള പ്ളാസ്റ്റിക് കെയ്സുകളും ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലാൻയാഡുകളിൽ പ്രിന്റിംഗ് ഉൾപ്പെടെ ചെയ്തു നൽകണം. ക്വട്ടേഷനുകൾ വിശദവിവരങ്ങൾ സഹിതം നവംബർ 8ന് വൈകിട്ട് 5നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ തപാൽ വിഭാഗത്തിൽ നേരിട്ടും എത്തിക്കാം. കവറിന് പുറത്ത് ഐ. ഡി കാർഡ് ലാൻയാഡ്, പ്ളാസ്റ്റിക് കെയ്സ് ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.

കേരള പവലിയനിൽ ഗൈഡുകൾക്ക് അവസരം
ന്യൂഡൽഹിയിൽ 2024 നവംബർ 14 മുതൽ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി രണ്ട് ഗേൾ ഗൈഡുകളുടെയും രണ്ട് ബോയ് ഗൈഡുകളുടെയും പാനൽ തയ്യാറാക്കുന്നു. ആകെ നാല് പേർക്കാണ് അവസരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. ഉയർന്ന പ്രായപരിധി 30 വയസ്. പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്നു. ഗേൾ, ബോയ് ഗൈഡുകൾക്ക് പ്രതിഫലം ലഭിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഇൻഫർമേഷൻ ഓഫീസ്, കേരള ഹൗസ്, 3-ജന്ദർ മന്ദർ റോഡ്, ന്യൂഡൽഹി- 110001 എന്ന വിലാസത്തിൽ നവംബർ 4നകം അപേക്ഷ ലഭ്യമാക്കണം. ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കും.

കാപ്കോസിന് 74 കോടിയുടെ ധനസഹായം നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി
നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) നബാർഡിന്റെ ധനസഹായം ലഭിച്ചു.

നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് (ആർ. ഐ. ഡി. എഫ്) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്കോസിന് അനുവദിച്ചതെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു. സർക്കാർ ഗ്യാരന്റിയിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

കാപ്കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ്. ഇതിൽ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ആറുകോടി 33 ലക്ഷം രൂപ 48 സംഘങ്ങളിൽ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു.

സംസ്ഥാനത്ത് പാലക്കാട് ഒഴികെ എല്ലാ ജില്ലകളും പ്രവർത്തന പരിധിയായുള്ള കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചു കഴിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

പതിനെട്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയിൽ അധിഷ്ടമായ മില്ലാണ് നിർമ്മിക്കുന്നത്. ഇവിടെ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്‌ക്കരിക്കാൻ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം 3500 ടൺ ശേഷിയുള്ള 8 ആധുനിക സൈലോകളാണ് സ്ഥാപിക്കുക.

നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. റൈസ് മില്ലിന്റെ നിർമാണം പതിനെട്ടുമാസത്തിനുള്ളിൽ പൂർത്തികരിച്ച് അരി ജനങ്ങൾക്ക് എത്തിക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂർത്തിയാകുന്നതോടെ അപ്പർ കുട്ടനാട് മേഖലയിലെ നെല്ലു സംസ്‌കരണത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാവുമെന്നും കാപ്കോസ് നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഇ-കെവൈസി മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി: മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് 2024 നവംബർ 5 വരെസമയപരിധി നീട്ടിയത്. ഇ-കെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻ പന്തിയിൽ നിൽക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരുന്നു. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാമ്പുകൾ നവംബർ 5ന് ശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് പുതിയ ആധാർ എടുക്കുന്ന പക്ഷം ഇപ്പോൾ തന്നെ റേഷൻകടകൾ വഴി മസ്റ്ററിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിയും.

വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. അർഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തിൽപ്പെട്ടവരെ വിവിധ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻആർകെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനായി ഇവർ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസരം നൽകിക്കൊണ്ട് മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കാഴ്ച്പരിമിതി – 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.ടി.സി, ടി.എഡ്, അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. യോഗ്യതാ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40 വയസ്. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 31ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ബി.ഫാം പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 6ന് രാവിലെ 11ന് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിലും നടക്കും. ഇനി വരുന്ന ഒഴിവുകൾ കൂടി പരിഗണിച്ചാകും സ്പോട്ട് അലോട്ട്മെന്റ്.

കേരള പ്രവേശനപരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.

ഗവേഷണത്തിന് അപേക്ഷിക്കാം
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.

വൈറസ് ആപ്ലിക്കേഷൻസ്, വൈറൽ വാക്സിൻസ്, ആന്റിവൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറസ് എപ്പിഡെമിയോളജി, വെക്റ്റർ ഡൈനാമിക്സ് ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ വൈറോളജി, വൈറസ് ജീനോമിക്സ്, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, എം.ബി.ബി.എസ്/ ബി.ഡി.എസ് ബിരുദം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 60 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. ജോയിന്റ് സി.എസ്.ഐ.ആർ/ യുജിസി-നെറ്റ്, ഡി.ബി.ടി/ ഐ.സി.എം.ആർ ജെ.ആർ.എഫ് അല്ലെങ്കിൽ തത്തുല്യമായ ഫെലോഷിപ്പ് ഉണ്ടായിരിക്കണം.

റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി) ഫരീദാബാദ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) എന്നീ യൂണിവേഴ്സിറ്റികളുമായി ഐ.എ.വി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഗവേഷണത്തിനുള്ള പരമാവധി കാലാവധി അഞ്ച് വർഷം. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഫിലിയേറ്റ് ചെയ്ത യൂണിവേഴ്സിറ്റിയുടെ ബിരുദം ലഭിക്കും.

https://forms.gle/1oHUrLgr2YCfuWgWA ഓൺലൈൻ ലിങ്കിലൂടെ നവംബർ 25നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമും കൂടുതൽവിവരങ്ങളും www.iav.kerala.gov.in ൽ ലഭ്യമാണ്.

ഒന്നാംവർഷ ക്ലാസുകൾ നവംബർ 11ന്
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ 2024-25 അക്കാഡമിക്ക് വർഷത്തിലെ എം.ഡി (ഹോമിയോ) കോഴ്സിന്റെ ഒന്നാംവർഷ ക്ലാസുകൾ നവംബർ 11ന് രാവിലെ 10ന് ആരംഭിക്കും.

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/VR സെന്റർ ഓഫ് എക്‌സലൻസിൽ (മികവിന്റെ കേന്ദ്രം) പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സർട്ടിഫൈഡ് വി ആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകളുള്ള കോഴ്‌സുകളാണിവ. https://asapkerala.gov.in/course/unity-certified-user-vr-developer/ ലിങ്ക് വഴി ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യുനുള്ള അവസാന തീയതി ഒക്ടോബർ 29. കൂടുതൽ വിവരങ്ങൾക്ക് 9495999693 എന്ന നമ്പറിൽ ബന്ധപ്പെടുക.

21 മത് ലൈവ്സ്റ്റോക്ക് സെൻസസിന് കേരളത്തിൽ തുടക്കമായി

ഇരുപത്തിയൊന്നാമത് ലൈവ്സ്റ്റോക്ക് സെൻസസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ വളർത്തു മൃഗങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് സംസ്ഥാനത്തു ലൈവ്സ്റ്റോക്ക് സെൻസസിന് തുടക്കമായത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പത്‌നി കമല വിജയനാണ് മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റർമാർക്കു വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ നൽകിയത്.

ഇനിയുള്ള നാല് മാസക്കാലയളവിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള പരിശീലനം നേടിയ കുടുംബശ്രീയിലെ പശുസഖി/ എ -ഹെൽപ്പ് പ്രവർത്തകർ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു മൃഗസംരക്ഷണ മേഖലയിലെ പ്രധാനപ്പെട്ട വിവര ശേഖരണം നടത്തും. കേരളത്തിൽ ആദ്യമായിട്ടാണ് പരിശീലനം നേടിയ 3500 ലധികം വരുന്ന കുടുംബശ്രീയിലെ പശുസഖി/ എ -ഹെൽപ്പ് എന്യൂമറേറ്റമാരുടെ നേതൃത്വത്തിൽ കന്നുകാലികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും കണക്കെടുപ്പ് നടത്തുന്നത്. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ മുഖേന എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ജിയോ ടാഗിംഗ് വഴി മാപ്പ് ചെയ്തുകൊണ്ടാണ് ഇത്തവണ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ ശേഖരിക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള കന്നുകാലികളുടെയും, പക്ഷികളുടെയും വളർത്തു മൃഗങ്ങളുടെയും ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദമായ വിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെയും വനിതാ സംരംഭകരുടയും എണ്ണവും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഗാർഹിക സംരംഭങ്ങളുടെയും ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദമായ വിവരങ്ങളും ശേഖരിക്കുന്നതാണ്. ഇതോടൊപ്പം തെരുവ് കന്നുകാലികൾ, തെരുവ് നായ്ക്കൾ,നാട്ടാനകൾ തുടങ്ങിയവയുടെ വിവരവും അറവുശാലകൾ, മാംസസംസ്‌കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു നാല് മാസം കൊണ്ട് ക്രോഡീകരിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.