konnivartha.com: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
നവീന്റെ ഭാര്യ മഞ്ജുഷ കോന്നി അഡീഷണല്‍ തഹസീല്‍ദാരാണ്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.ജോലിയില്‍ നിന്നും വിരമിക്കാൻ 7 മാസം മാത്രമെ ഉള്ളായിരുന്നു .
ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്.ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു . നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു . എല്‍ ഡി ക്ലര്‍ക്കായി പത്തനംതിട്ടയില്‍ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു
.പത്തനംതിട്ടയിലും, പാലക്കാടും, കാസര്‍ഗോഡും, കണ്ണൂരുമൊക്കെ ജോലി ചെയ്തു .എവിടെയും അഴിമതി നടത്താത്ത ജീവനക്കാരന്‍ ആയിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു .എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് റവന്യൂമന്ത്രി കെ രാജന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. എഡിഎമ്മിനെതിരെ റവന്യൂവകുപ്പില്‍ പരാതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു
ചൊവ്വാഴ്ച പത്തനംതിട്ടയിൽ ജോലിയില്‍ ചേരേണ്ടതായിരുന്നു. ട്രെയിനില്‍ നാട്ടിലേക്ക് വരികയാണെന്ന് വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഭാര്യയും രണ്ട് മക്കളും കൂടെ നവീനെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനില്‍ പോയതാണ്. എന്നാൽ ട്രെയിനില്‍ നവീന്‍ ഇല്ല എന്ന് കണ്ടപ്പോള്‍ അവര്‍ തിരിച്ചു പോരുകയായിരുന്നു. പോലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. പത്തനംതിട്ട എ.ഡി.എം ആയി ഇന്ന് ചുമതലയേല്‍ക്കാന്‍ നില്‍ക്കെയാണ് ആത്മഹത്യ.മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങും.
മക്കള്‍ : നിരഞ്ജന ,നിരുപമ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ കണ്ണൂര്‍ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവച്ചു.പോലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്.നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവർക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓഫിസിനു മുന്നിൽ യുവമോർച്ചയും യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.
കണ്ണൂർ എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്. ജില്ലാ കളക്ടർ പങ്കെടുത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കപ്പെടാത്ത വേദിയിലെത്തി എഡിഎമ്മിനെ അപമാനിച്ചത് മനപൂർവ്വമാണ്.
ദിവ്യയുടെ വഴിവിട്ട ശുപാർശ എഡിഎം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമെന്ന് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണം.
സിപിഎം നേതാക്കൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ആത്മവിശ്വാസം തകർക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് വഴിവിട്ട സഹായം ചെയ്തു കൊടുത്തില്ലെന്ന തെറ്റിന് ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെട്ടത്. പിപി ദിവ്യ ഉടൻ സ്ഥാനം രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.