Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 15/10/2024 )

ജില്ലാ പദ്ധതിരേഖ :ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും- ജില്ലാ കലക്ടര്‍

ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ വികസനം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകള്‍, മാറ്റം കടന്ന് വരേണ്ട ഇടങ്ങള്‍, അതിനായുളള മാര്‍ഗ്ഗങ്ങള്‍, ഭാവിയെ മുന്നില്‍കണ്ടുളള പദ്ധതികളിലേക്കുളള സൂചകങ്ങള്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായിരിക്കണം അന്തിമരേഖ.
ജില്ലയുടെ മികവ് മുന്‍നിര്‍ത്തിയുളള ആസൂത്രണം പദ്ധതികളുടെ രൂപീകരണത്തില്‍ ഗുണകരമായ സ്വാധീനമാണ് ചെലുത്തുക. ചുമതലയുളള ഓരോരുത്തരും നിശ്ചിത സമയത്തിനുളളില്‍ വിവരങ്ങള്‍ കൈമാറണം. അതത് ഉപസമിതികളുടെ യോഗങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാവരുടെയും പൂര്‍ണ സഹകരണം പദ്ധതിരേഖാ രൂപീകരണത്തിലുണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശബരിമല സ്‌പോട്ട് ബുക്കിങ്ങിനായി കത്തയച്ചു – ഡെപ്യൂട്ടി സ്പീക്കര്‍

ശബരിമല തീര്‍ത്ഥാടനത്തിന് പന്തളം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന സ്‌പോട്ട് ബുക്കിംഗ് പ്രവര്‍ത്തനം തുടരണം എന്ന ആവശ്യം ഉന്നയിച്ച് ദേവസ്വം വകുപ്പ് മന്ത്രിക്ക് കത്തായിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് :സൗജന്യ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ പുതിയ ബാച്ചില്‍ സൗജന്യമായി പഠിക്കുന്നതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. ഇതിനായി ജില്ലാ പഞ്ചായത്തിന്റ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം വകയിരുത്തി. ഇത്തവണ 192 പേര്‍ക്കാണ് അവസരം ലഭിക്കുക. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്സ് ഫീസ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപേക്ഷകര്‍ പത്താംതരം വിജയിക്കുകയും 22 വയസ് പൂര്‍ത്തിയാവുകയും ചെയ്തിരിക്കണം. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സ് വിജയിച്ചവര്‍ക്ക് വയസിളവുണ്ട്. കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അതത് ഗ്രാമ പഞ്ചായത്തുകളിലെ പ്രേരക്മാര്‍ മുഖേനയോ പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസ് മുഖേനയോ ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍ 0468 2220799, 9048874849. ഇ-മെയില്‍ : [email protected].

ഗതാഗതനിയന്ത്രണം

മങ്ങാട്-ചായലോട്- പുതുവല്‍ റോഡിലെ നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് കുറുമ്പകര എല്‍.പി സ്‌കൂളിന് സമീപമുളള കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ 11 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം 2024

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുനരധിവാസത്തില്‍ ഉള്‍പ്പെട്ട 100 ശതമാനം സബ്സിഡി നല്‍കുന്ന സ്വയംതൊഴില്‍ പദ്ധതി പ്രകാരം വാങ്ങിയ രണ്ട് പാസഞ്ചര്‍ ഓട്ടോകളുടെ ഫളാഗ് ഓഫ് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു.

അതിക്രമ നിരോധനനിയമവുമായി ബന്ധപ്പെട്ട ബോധവല്‍കരണ സെമിനാറിന്റെയും വൃക്ഷത്തൈ വിതരണത്തിന്റെയും ബ്ലോക്ക്തല ഉദ്ഘാടനവും നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്‍ അനീഷ, ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ഗോപിക ഇടമുറിയില്‍ , ഓമല്ലൂര്‍ ഡിവിഷന്‍ അംഗം അജി അലക്സ്, ചെറുകോല്‍ ഡിവിഷന്‍ മെമ്പര്‍ പി .വി. അന്നമ്മ, മല്ലപ്പുഴശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, ഇലന്തൂര്‍ ബ്ലോക്ക് ആന്‍ഡ് പത്തനംതിട്ട മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിജയന്തി ക്വിസ് മത്സരം ഇന്ന് (15)

ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ‘ എന്ന വിഷയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനതലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഇന്ന് (ഒക്ടോബര്‍ 15) രാവിലെ 11ന് പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തും. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത് സഹിതം രാവിലെ 10.30 ന് മുമ്പ് ഇലന്തൂര്‍ ജില്ലാ ഗ്രാമവ്യവസായ കാര്യാലയത്തില്‍ ഹാജരാകണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും.