Trending Now

ചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും

 

konnivartha.com: കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന  കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി.

ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്.

ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും.6 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച് നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും.സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ പരിപാലന ചുമതല വനം വകുപ്പ് നിർവഹിക്കും.വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകർരെ ശമ്പളം നൽകി  വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും.

ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംങ് കമ്മറ്റി രൂപീകരിക്കാനും .ഭാവിയിൽ ചിറ്റാർ സീതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ സൗരോർജ്ജ വേലിയോ കിടങ്ങോ എടുത്ത് കൂടുതൽ പ്രദേശം സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും  എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു.

ചിറ്റാർ ഊരാംപാറ പ്രദേശത്തെ ജനവാസ മേഖലയിലാണ് അടുത്തിടയായി രണ്ട് കാട്ടു കൊമ്പൻമാർ സ്ഥിരമായി ഇറങ്ങുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും കക്കാട്ടാർ നീന്തി കടന്നു വരുന്ന ആനകൾ ഊരാംപാറ ഭാഗത്ത് കൂടി കടന്നു പോകാന്ന പൊതുമരാമത്ത് വകുപ്പ് റോഡ് മുറിച്ചാണ് തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് കടക്കുന്നത്.വിളവെടുപ്പ് കഴിഞ്ഞ് ഉപേക്ഷിച്ച കൈതകളും വാഴ കൃഷിയും ഈ മേഖലയിലുണ്ട്. അത് ലക്ഷ്യം വച്ചാണ് ആനകൾ ഇവിടെ നിത്യവും കടന്നു വരുന്നത്.

ഊരാം പാറ ഭാഗതത്തെ റബ്ബർ തോട്ടങ്ങളിൽ കള എടുപ്പിക്കാത്ത സാഹചരമുണ്ട്. ഇതിനായി തോട്ടം ഉടമകളെ അടിയന്തിരമായി വിളിക്കാനും കളകൾ നീക്കം ചെയ്യാനും യോഗം ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.

അതേ സമയം ആനകളുടെ സാന്നിദ്ധമുളള മേഖല എന്ന് രേഖപെടുത്തി സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഊരാംപാറ ഭാഗത്ത് വനപാലകർ സ്ഥാപിച്ച ബോർഡ് കോൺഗ്രസുകാർ ആൻ്റോ ആൻ്റെണി എംപിയുടെ നേതൃത്വത്തിൽ ഇളക്കി മാറ്റിയത് പുന:സ്ഥാപിക്കാൻ യോഗം തീരുമാനിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപെടുത്തി.

അഡ്വ.കെ യു ജനീഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐഎഎസ്, ചിറ്റാർ, സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എ ബഷീർ, പി ആർ പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ, ചിറ്റാർ,സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാരായ രവികല എബി, ബീനാ മുഹമ്മദ് റാഫി റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ ഐഎഫ്എസ്, അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ നിധീഷ് കുമാർ ഐഎഫ്എസ്, കോന്നി ഡിവൈഎസ്പി റ്റി രാജപ്പൻ റാവുത്തർ പഞ്ചായത്ത് അംഗങ്ങളായ ജോബി റ്റി ഈശോ, ആദർശവർമ്മ ,രവി കണ്ടത്തിൽ, ജോർജ്ജ് കുട്ടി തെക്കേൽ, ജിതേഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവരും സിപിഐ എം പെരുനാട് ഏരിയ സെക്രട്ടി എം എസ് രാജേന്ദ്രൻ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ജെ പി പ്രസന്നകുമാർ, സിപിഐ (എം)ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടി ടി കെ സജി, സിപിഐ ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടി കെ ജി അനിൽകുമാർ, കെ ജി മുരളീധരൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു..

യോഗത്തിനു ശേഷം എംഎൽഎ യും ജില്ലാ കളക്ടറും ഡിഎഫ്ഒയും ജനപ്രതിനിധികളുമടങ്ങിയ സംഘം ഊരാംപാറയിൽ ആന ഇറങ്ങുന്ന സ്ഥലം സന്ദർശിച്ചാണ് മടങ്ങിയത്.

error: Content is protected !!