Trending Now

എ‍ഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് നീക്കി

 

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി . നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം.മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി ഓഫീസില്‍ 20 മിനിറ്റ്  ചിലവഴിച്ചു .ഇതിനു പിന്നാലെ ആണ് നടപടി .ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അജിത് കുമാർ ബറ്റാലിയൻ‌ എഡിജിപിയായി തുടരും.

അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത് . ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.

എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം.നടപടിയിൽ തൃപ്തിയില്ലെന്നും നാളെ നിയമസഭയില്‍ കാണാമെന്നും വിഡി സതീശൻ പറഞ്ഞു.

എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി പിവി അൻവര്‍ എംഎല്‍എ. അജിത് കുമാറിന്‍റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ എന്ന് ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടുകൊണ്ടാണ് അൻവറിന്‍റെ പ്രതികരണം. പിവി അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

error: Content is protected !!