
konnivartha.com: പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്‌തകോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. എൺപതോളം പ്രസാധകർ പങ്കെടുക്കുന്ന മേളയില്‍ മലയാള പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും.
ശനി രാവിലെ 10ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ വായനസന്ദേശം നൽകും.
കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്‌തകങ്ങളും പ്രകാശനം ചെയ്യും. പകൽ 2.30ന് കവിസമ്മേളനം കവി ഡോ. സി രാവുണ്ണി ഉദ്ഘാടനം ചെയ്യും.കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
6ന് രാവിലെ 10 ന്‌നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ മുതിർന്ന ലൈബ്രറി പ്രവർത്തകരെ ആദരിക്കും.സുജാത കെപിള്ളയുടെ പെണ്ണ് പൂക്കുന്നിടം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
7ന് രാവിലെ 10ന് നടക്കുന്ന വനിതാസംഗമം കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ എജി ഒലീന ഉദ്ഘാടനം ചെയ്യും.വൈകിട്ട് 2ന് സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ ടികെജി നായര്‍ ഉദ്ഘാടനം ചെയ്യും