
കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതിന്റെ നിർമ്മാണ പുരോഗതി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി.
നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എല്ലാ നിലകളുടെയും നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശേഷിക്കുന്ന പണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി.വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ ജനറൽ സർജറി, ഇ.എൻ.ടി, ടി.ബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒ.പി.യാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി എന്നീ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കും. നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകളായിരിക്കും.
അഞ്ചാം നിലയിൽ ജനറൽ സർജറി വാർഡും, ഇ.എൻ.ടി വാർഡും പ്രവർത്തിക്കും. ആറാം നിലയിൽ അസ്ഥിരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം എന്നിവയുടെ രണ്ട് വാർഡുകൾ വീതം പ്രവർത്തിക്കും. ഏഴാം നിലയിൽ ഐസൊലേഷൻ വാർഡ് ,ടി..ബി ആൻറ് റസ്പിറേറ്ററി വിഭാഗത്തിന്റെ വാർഡ് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത് പുതിയ കെട്ടിടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയും. കിഫ്ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപ ഉപയോഗിച്ചുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ രോഗമിക്കുന്നത്.
മെഡിക്കൽ കോളേജിലേക്ക് ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒ.പി ടിക്കറ്റ് ബുക്കിംഗിന് ഇ -ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഇത് ഉപയോഗിച്ച് വീട്ടിൽ ഇരുന്നും ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സൈറ്റിൽ കയറിയ ശേഷം വ്യക്തികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചും ജനസേവന കേന്ദ്രങ്ങൾ വഴിയും ഇതിന്റെ സേവനം പ്രയോജപ്പെടുത്താം. നൂറുകണക്കിന് രോഗികൾ ദൈനംദിനം എത്തുന്ന ഇവിടെ രാവിലെ മുതൽ വൻ തിരക്കാൻ അനുഭവപ്പെടുന്നത്. ഓൺ ലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിക്കും തിരക്കും കുറയ്ക്കാൻ കഴിയും. ഓൺലൈൻ വഴി എടുക്കുന്ന ടിക്കറ്റിൽ ഡോക്ടർമാർ തങ്ങൾക്ക് നൽകിയിരിക്കുന്ന പരിശോധനാ സമയം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ സമയം ആശുപത്രിയിൽ എത്തിയാൻ ഡോക്ടർമാരുടെ മികച്ച സേവനവും ലഭ്യമാകും. ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.