കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്നലെ (സെപ്റ്റംബര്‍ 2) മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്.
അടൂര്‍ ഡിപ്പോയ്ക്ക് സര്‍വീസ് അനുവദിച്ച് അടൂരില്‍ നിന്നും പുനരാരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍മാരുടെ അഭാവം മൂലം ഡിപ്പോയിലെ മറ്റു സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യൂണിറ്റില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നത്.
വൈകുന്നേരം 3.10 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.10 ന് മണ്ണടിയില്‍ എത്തിച്ചേരുന്നതും തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:50 ന് ഗുരുവായൂരില്‍ തിരിച്ചെത്തുന്നത് പ്രകാരമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പാകുന്ന മുറയ്ക്ക് പുതിയ നിരവധി സര്‍വീസുകള്‍ അടൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു..