Trending Now

കൊമേഴ്‌സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും

 

konnivartha.com: കെട്ടിടനിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്. സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ സ്വദേശിനി അശ്വതി ബി എസ് നൽകിയ പരാതിയിലാണ് മന്ത്രി നടപടി സ്വീകരിച്ചത്. കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പ് നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്‌സ്യൽ ലൈസൻസ് അനുവദിക്കുന്നില്ല എന്നതായിരുന്നു പരാതി.

കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്നതിനു മുമ്പുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് കൊമേഴ്‌സ്യൽ ലൈസൻസിന് കെ സ്മാർട്ടിലൂടെ അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് അദാലത്തിൽ മന്ത്രിയെ സമീപിച്ചതെന്ന് അശ്വതി പറഞ്ഞു. ഇത്തരത്തിലുള്ള പല കെട്ടിടങ്ങളും കൊമേഴ്സ്യൽ വിഭാഗത്തിലേക്ക് മാറ്റാൻ നിലവിലെ ചട്ട പ്രകാരം കഴിയില്ല. അതിനാൽ തന്നെ ലൈസൻസിന് അപേക്ഷിക്കാനും കഴിയുന്നില്ല. ഈ പ്രശ്‌നത്തിനാണ് മന്ത്രി പരിഹാരം കണ്ടിരിക്കുന്നത്.

ചട്ടം നിലവിൽ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക് ലൈസൻസിൽ തൽസ്ഥിതി തുടരാമെന്ന പൊതു ഉത്തരവ് നിലവിൽ വരുന്നതോടെ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവർക്കെല്ലാം ശാശ്വത പരിഹാരമാകും. കെ സ്മാർട്ടിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തും. ജനോപകാരപ്രദമായി സംസ്ഥാനസർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും മന്ത്രി എം ബി രാജേഷും സ്വീകരിച്ച നടപടികൾക്ക് നന്ദി അർപ്പിക്കുന്നതായും അശ്വതി പറഞ്ഞു.

error: Content is protected !!