konnivartha.com/ കോട്ടയം: സ്‌കോഡ ഓട്ടോ അടുത്ത വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്ക് പേരായി. കൈലാക്ക് (Kylaq) എന്നായിരിക്കും അണിയറയില്‍ ഒരുങ്ങുന്ന ഈ വാഹനം വിളിക്കപ്പെടുക. ഈ കോംപാക്ട് എസ്‌യുവിയുടെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ ഒരു പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ്. ദേശീയ തലത്തില്‍ കമ്പനി നടത്തിയ ‘നെയിം യുവര്‍ സ്‌കോഡ’ എന്ന പേരിടല്‍ മത്സരത്തിലൂടെ പൊതുജനങ്ങള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നാണ് ഈ നാമം തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിലേറെ ആളുകളാണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചത്. ഇവയില്‍ 24,000 പേരുകളും വളരെ സവിശേഷമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പുതിയ മോഡലിന്റെ ആദ്യ പ്രഖ്യാപനം വന്നത്. വിപുലമായ രീതിയില്‍ തന്നെ കൈലാക്ക് (Kylaq) നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
“ഞങ്ങളുടെ ഏറ്റവും പുതിയ എസ് യുവി കൈലാക്ക് (Kylaq) ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ളതാണ്. സ്‌കോഡ എന്ന ബ്രാന്‍ഡിനോട് ഇന്ത്യക്കാര്‍ ഇഷ്ടം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. ഇന്ത്യയിലേയും യുറോപ്പിലേയും സ്‌കോഡ ടീമുകള്‍ ചേര്‍ന്ന് വികസിപ്പിച്ച് ഈ പുതിയ കൈലാക്ക് (Kylaq) ന്റെ ഉല്‍പ്പാദനം ഇന്ത്യയിലായിരിക്കും,” സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പിറ്റര്‍ ജനെബ പറഞ്ഞു.
2025ലായിരിക്കും കൈലാക്ക് (Kylaq) ന്റെ ആഗോളതലത്തിലെ ആദ്യ അവതരണം. ക്രിസ്റ്റൽ എന്നതിൻ്റെ സംസ്‌കൃത പദത്തിൽ നിന്നാണ് കൈലാക്ക് (Kylaq) ഉണ്ടായത്. വാഹനത്തിൻ്റെ ഗുണങ്ങളും അസാധാരണമായ ഉയർന്ന നിലവാരവും കൈലാസപർവ്വതത്തിൽ നിന്നുള്ള പ്രചോദനവും പ്രതിഫലിപ്പിക്കുന്നു.
കമ്പനിയുടെ ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈനിന്റെ കൂടി അവതരണമാകും കൈലാക്ക് (Kylaq) ന്റെ വരവ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ദുര്‍ഘട പാതകളില്‍ അനായാസ യാത്ര സാധ്യമാക്കുന്ന രീതിയിലുള്ള വീല്‍ സ്‌പേസുമാണ് ഈ കാറിന് എസ് യുവി സ്വഭാവം നല്‍കുന്നത്. ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ളവ പതിവ് സ്‌കോഡ എസ്‌യുവി രൂപഭാവത്തില്‍ തന്നെയായിരിക്കും. ഏറ്റവും പുതിയ ഈ വാഹനം ഇപ്പോള്‍ ഇന്ത്യയിലുടനീളം പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഉല്‍പ്പാദനവും വിതരണവും മെച്ചപ്പെടുത്താനുള്ള പദ്ധതികളും കമ്പനി നടപ്പിലാക്കി വരുന്നു.