
konnivartha.com: സംസ്ഥാനത്തെ വിവിധ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് അവയ്ക്ക് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരം ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം അറിയിച്ചു. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്.
കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെ കീഴിലും [കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ & അമൃത (കല്പിത സർവകലാശാല)] നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്‌സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ നടത്തപ്പെടുന്ന DHI കോഴ്‌സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാ മെഡിക്കൽ കൗൺസിലിന്റെയും അംഗീകാരം ഉള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും പി എസ് സി വഴിയുള്ള പാരാമെഡിക്കൽ-അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കൽ കൗൺസിൽ / ഡെന്റൽ കൗൺസിൽ / ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.