SCTIMST ലോകാരോഗ്യ സംഘടനയുമായി ധാരണാപത്രം ഒപ്പ് വെച്ചു

 

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ (DST) കീഴിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) കോവിഡ് രോഗനിർണയത്തിന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ അന്തർദ്ദേശീയ തലത്തിൽ വ്യാപനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന (WHO)യുമായി ധാരണാപത്രം ന്യു ഡൽഹയിൽ ഒപ്പ് വെച്ചു. ചടങ്ങിൽ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു.

അതോടൊപ്പം SCTIMST പ്രസിഡന്റും നിതി ആയോഗ് അംഗവും ആയ ഡോ. വി. കെ. സാരസ്വത്, DST സെക്രട്ടറി ഡോ. അഭയ് കരാണ്ടിക്കർ, WHO പ്രതിനിധി ഡോ.റോഡ്രിക്കോ എച്ച്. ഓഫ്രിൻ തുടങ്ങിവരും സന്നിഹിതരായിരിന്നു.

WHO യുടെ കോവിഡ് ടെക്നോളജി ആക്‌സസ് പൂൾ (C-TAP) പദ്ധതിയിലേക്ക് ശ്രീചിത്രയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു വിപണിയിൽ എത്തിച്ച RNA വേർതിരിക്കാനുള്ള കിറ്റ്, RT-PCR കിറ്റ് ഇവ ഉൾപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യരംഗത്തെ സാങ്കേതിക നേട്ടങ്ങൾ നൈതികതയും തുല്യതയും മുൻനിർത്തി മാനവരാശിയുടെ ഉന്നമനത്തിനായി പങ്കുവെക്കുക എന്ന WHO യുടെ ദൗത്യത്തിന്റെ ഭാഗമാണിത്. C-TAP പദ്ധതിയുടെ വിപുലികൃത രൂപമായ ഹെൽത്ത് ടെക്നോളജി ആക്‌സസ് പൂളിൽ (H-TAP) ഉൾപ്പെടുത്താൻ WHO ശ്രീചിത്രയുടെ സാങ്കേതികവിദ്യകൾ തിരഞ്ഞെടുത്തത് അഭിമാനകരമാണ്.

ശ്രീചിത്രയുടെ RNA Isolation Kit, RT-PCR Kit ഇവ കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ മാർക്കറ്റിലിറങ്ങിയ രോഗനിർണയോപാധികൾ എന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്ക് രോഗനിർണയ രംഗത്ത് വലിയ പ്രസക്തിയുണ്ടെന്ന് WHO തിരിച്ചറിയുകയായിരുന്നു. അവരുടെ ഈ നീക്കം വഴി ഇന്ത്യൻ സാങ്കേതിക വിദ്യകൾക്ക് ആഗോള പൊതുജനാരോഗ്യ രംഗത്തു വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.