Trending Now

ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

 

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്ന് രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും

ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള്‍ റൂമിലെത്തിക്കണമെന്നും അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതെയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.

 

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടത്തി. ബെയ്ലി പാലത്തിനു തൊട്ടടുത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. പട്ടാളവും പോലീസും ഉള്‍പ്പടെ മുഴുവന്‍ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്. ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. ഇബ്രാഹീമിന്റെ മകന്‍ ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പാണ് അവധിക്ക് എത്തിയത്. വീട്ടില്‍ നിന്ന് രേഖകളും പണവും ഉള്‍പ്പടെ നഷ്ടമായി. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇബ്രാഹിമും കുടുംബവും ഉരുള്‍പൊട്ടലിന് ശേഷം മാറിതാമസിക്കുകയായിരുന്നു.

error: Content is protected !!