Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 02/08/2024 )

സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍  – മന്ത്രി വീണാ ജോര്‍ജ്ജ്

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

തടസരഹിതനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തി. മണ്ണിട്ട് നികത്തിയുള്ള ഘട്ടത്തിനാണ് വേഗം കൂട്ടേണ്ടത്. തുടങ്ങിവച്ച പൈലിംഗ് ജോലികളും സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. മരങ്ങള്‍ നീക്കുന്നതും വൈദ്യുതപോസ്റ്റുകള്‍ മാറ്റുന്നതും ഉള്‍പ്പടെയുള്ള വിവിധ അനുമതികള്‍ കാലതാമസം കൂടാതെ ലഭ്യമാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്.

നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന്  നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 8 ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍ – ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം. ലാന്റ് ഡെവലപ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ് പ്രവൃത്തികളാണ് ചെയ്യുക.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. കെ. അനില്‍കുമാര്‍, സ്പോര്‍ട് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി. കെ. അനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സുധീര്‍, ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജി.എം. ഗോപകുമാര്‍, കിഫ്ബി എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ  ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്   അപേക്ഷിക്കാം. അവസാന തീയതി -ഓഗസ്റ്റ് 10. ഫോണ്‍: 9846033001.    (

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ്

ചെങ്ങന്നൂരിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് റീജിയണല്‍  സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മുന്‍കൂട്ടി രജിസ്റ്റര്‍  ചെയ്യുന്നവര്‍ക്കാണ് അവസരം.
ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ല്‍  രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട്,  പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും സ്വീകരിക്കും.

കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ.   0479 2080428, 9188492339 (ചെങ്ങന്നൂര്‍), 0471 2770557, 2329950 (തിരുവനന്തപുരം) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്ന്) +91 8802012345 (വിദേശത്തുനിന്ന്)  ബന്ധപ്പെടാം.
www.norkaroots.orgwww.nifl.norkaroots.orgwww.lokakeralamonline.kerala.gov.in


വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് താത്ക്കാലിക തൊഴിലവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയുംപരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം. ഫോണ്‍ – 0468 2322762.

മൃഗങ്ങള്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ്

ദേശീയ ജന്തുരോഗനിയന്ത്രണപദ്ധതിയുടെ ഭാഗമായി കുളമ്പുരോഗം- ചര്‍മമുഴ രോഗപ്രതിരോധ സംയുക്തവാക്സിനേഷന്‍   ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. സെപ്റ്റംബര്‍ 13 വരെയുള്ള 30 പ്രവൃത്തിദിവസങ്ങളില്‍ വാക്സിനേഷന്‍ ടീമുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി  വാക്സിനേഷന്‍ നടത്തും- തെളിവായി വകുപ്പില്‍ നിന്നും ഒ.ടി.പി. ലഭിക്കും.
നാലുമാസത്തിനുമേല്‍ പ്രായമുള്ള പശു/എരുമ വര്‍ഗത്തില്‍പ്പെട്ട എല്ലാ ഉരുക്കള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പ്പ് നല്‍കും. എരുമ വര്‍ഗത്തെ ചര്‍മ്മമുഴ രോഗപ്രതിരോധകുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കി. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടത് നിര്‍ബന്ധവും സൗജന്യവുമാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 31 ന് മുമ്പ് സമര്‍പ്പിക്കുന്നതിന് സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന്  ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ദര്‍ഘാസ്

പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം (കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23.  ഫോണ്‍ : 0468 2325168, 8281999004.

സ്പോട്ട് അഡ്മിഷന്‍

യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഒഴിവുളള എംബിഎ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. (കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് എന്‍ട്രന്‍സ് പാസായ) ഏതെങ്കിലും വിഷയത്തിലുളള  ബിരുദം  50 ശതമാനം മാര്‍ക്കോടെ  പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം  മാര്‍ക്കുളള ഒബിസി/ ഒഇസി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്.സി /എസ്.ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9746998700, 9946514088, 9400300217.

ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി

പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുന:രധിവാസപദ്ധതിയുടെ  ഭാഗമായി ജില്ലയുടെ പരിധിയിലുളള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്ലറ്റ്, ഭവനപുനരുദ്ധാരണം, കൃഷിഭൂമി (കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ) പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. ഓഗസ്റ്റ് 20 ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, പത്തനംതിട്ട. ഫോണ്‍ -0468 2322712.

പ്രബന്ധ മത്സരം  (ഓഗസ്റ്റ് 3)

കുടുംബശ്രീ ബാലസഭാശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള ജില്ലാതല പ്രബന്ധ മത്സരം(ഓഗസ്റ്റ് 3) പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നടത്തും. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ രാവിലെ 10  ന് എത്തണം.  പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പെടുത്താം. അവതരിപ്പിക്കുന്ന പേപ്പറിന്റെ ഒരു പകര്‍പ്പ് രജിസ്ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം. ജില്ലാതല സെമിനാറില്‍ മികച്ച അവതരണം നടത്തുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല ശില്‍പശാലയില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച പ്രബന്ധവതരണത്തിന് 10,000രൂപയും രണ്ട്, മൂന്ന്, നാല്, അഞ്ച്  സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 8000, 6000, 4000, 2000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. 10 മിനുട്ടാണ് അവതരണ സമയം.

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്  

ബിസ് (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്)  ട്രെയിനിംഗ്  ഡിവിഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി /പ്ളസ്ടു/ എസ്എസ്എല്‍സി  യോഗ്യതയുള്ളവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

കളക്ഷന്‍ചാര്‍ജ്ജ് ഒഴിവാക്കി

പത്തനംതിട്ട മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയുളള കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഉടമ-തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് നിലവില്‍ ബാങ്ക് ഈടാക്കികൊണ്ടിരിക്കുന്ന 15 രൂപ കളക്ഷന്‍ചാര്‍ജ്ജ് ഒഴിവാക്കിയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ശില്‍പശാല ഓഗസ്റ്റ് 6ന്

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പശാല ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചെഞ്ചിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് ആറിന്  രാവിലെ 10.30 ന്.   കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുതോമസ് ഉദ്ഘാടനം നിര്‍വഹിക്കും.  ക്ലാസുകള്‍ക്കൊപ്പം  സ്വയംതൊഴില്‍ വായ്പകളുടെ അപേക്ഷ ഫോമുകളും വിതരണം ചെയ്യും.

error: Content is protected !!