konnivartha.com: പട്ടയത്തിനായി ഭൂമിയില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും വിവര ശേഖരണ ഫോറത്തിനും അപേക്ഷകള്‍ നല്കാന് ബാക്കിയുള്ളവര്‍ ജൂലൈ 31 ന് മുന്‍പായി അതത് വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു.
റാന്നി ചേത്തയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 1977 ന് മുന്‍പ് തങ്ങള്‍ പ്രസ്തുത ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന രേഖ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രേഖ കൈവശമില്ലങ്കില്‍ ഹിയറിംഗിന് മുന്‍പ് ഹാജരാക്കമെന്ന വ്യവസ്ഥയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ റെക്കോഡ് മറികടന്ന് റവന്യൂ വകുപ്പ് പുതുചരിത്രം സൃഷ്ടിക്കുകയാണ്.
മാസത്തില്‍ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നിന് എംഎല്‍എ/ എംഎല്‍എയുടെ പ്രതിനിധി, വില്ലേജ് നില്കുന്ന സ്ഥലത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിയമസഭയില്‍ പ്രാധിനിത്യമുള്ള പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രഖാപനം ചെയ്യുന്ന ഒരു സ്ത്രീ, പട്ടികജാതി പട്ടികവര്‍ഗ മേഖല പ്രതിനിധി, ഡെപ്യൂട്ടി തഹിസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വില്ലേജുതല ജനകീയ സമിതി കൃതമായും ചേരണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് കെ.എസ്. ഗോപി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. ജയിംസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് നീറംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സുജ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ജോയ്സി ചാക്കോ, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസ്സറുദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്. ബീന റാണി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.