Trending Now

ജ്വല്ലറി ബിസിനസ് ആരംഭിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ്

 

 

konnivartha.com: കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി റീട്ടെയില്‍ ബിസിനസ് ആരംഭിക്കുന്നതായി ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല പ്രഖ്യാപിച്ചു. ഇന്ദ്രിയ ബ്രാന്‍ഡിലുള്ള പുതുതലമുറാ ബിസിനസിനായി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലെ മൂന്നു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ റീട്ടെയില്‍ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ കടന്നു വരവോടെ ഉണ്ടാകുക.

 

ആഗോള തലത്തിലെ ഏറ്റവും സാധ്യതകളുള്ള ഉപഭോക്തൃ വിഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ വളരുകയാണെന്ന് കുമാര്‍ മംഗലം ബിര്‍ല പറഞ്ഞു. പെയിന്‍റ്, ജ്വല്ലറി എന്നീ മേഖലകളിലായി പുതിയ രണ്ടു ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ട് ഈ വര്‍ഷം തങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മുന്നേറ്റത്തിനു പിന്തുണ നല്‍കി. അനൗപചാരിക മേഖലകളില്‍ നിന്ന് ഔപചാരിക മേഖലകളിലേക്കുള്ള മൂല്യത്തോടെയുള്ള മാറ്റത്തിനു പിന്തുണ നല്‍കുന്നതാണ് ജ്വല്ലറി ബിസിനസിലേക്കുള്ള കടന്നു വരവ്. ശക്തവും വിശ്വസനീയവുമായ ബ്രാന്‍ഡുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ താല്‍പര്യവും വര്‍ധിച്ചു വരികയാണ്. ഫാഷന്‍ റീട്ടെയില്‍, ലൈഫ് സ്റ്റൈല്‍ മേഖലകളില്‍ 20 വര്‍ഷത്തിലേറെയായി മുന്നേറുന്ന ഗ്രൂപ്പിന്‍റെ സ്വാഭാവിക വികസനമാണ് ഇപ്പോഴത്തെ നീക്കം. റീട്ടെയില്‍, ഡിസൈന്‍, ബ്രാന്‍ഡ് മാനേജ്മെന്‍റ് എന്നിവയിലെ തങ്ങളുടെ മികച്ച അടിത്തറ വിജയത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡല്‍ഹി, ഇന്‍ഡോര്‍, ജെയ്പൂര്‍ എന്നിവിടങ്ങളിലായി ഒരേ സമയം നാലു സ്റ്റോറുകളാവും ഇന്ദ്രിയ ആരംഭിക്കുക. അടുത്ത 6 മാസത്തിനുള്ളില്‍ 10ലേറെ നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും. ദേശീയ ബ്രാന്‍ഡുകളുടെ ശരാശരി വലുപ്പത്തേക്കാള്‍ 30-35 ശതമാനം കൂടുതലായി 7000 ചതുരശ്ര അടിയിലേറെയുള്ള സ്റ്റോറുകളാവും വിപുലമായ സേവനങ്ങള്‍ ലഭ്യമാക്കുക. തുടക്കത്തില്‍ 15000 ക്യൂറേറ്റഡ് ജ്വല്ലറികളാവും 5000ലേറെ എക്സ്ക്ലൂസീവ് ഡിസൈനുകളുമായി അവതരിപ്പിക്കുക. ഓരോ 45 ദിവസത്തിലും പുതിയ ശേഖരങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ ഫൈന്‍ ജ്വല്ലറി വിപണിയില്‍ അതിവേഗ ചലനങ്ങള്‍ സൃഷ്ടിക്കും.

 

ജ്വല്ലറി മേഖലയിലെ ക്രിയാത്മകത, വലുപ്പം, സാങ്കേതികവിദ്യ, ഉപഭോക്തൃ അനുഭവങ്ങള്‍ എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് ഇന്ദ്രിയയിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് നോവല്‍ ജുവല്‍സ് ഡയറക്ടര്‍ ദിലീപ് ഗൗര്‍ പറഞ്ഞു. ഓരോ ആഭരണങ്ങളും പ്രത്യേകമായ ക്രിയാത്മകതയുടെ കഥകളാണു പറയുന്നത്. കാലാതീതമായ കരവിരുതും സമകാലീന ഡിസൈനുകളുടെ അവതരണവുമായിരിക്കും തങ്ങളുടെ ആഭരണങ്ങളിലുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഒരു നിക്ഷേപം എന്നതില്‍ നിന്നു മാറി തങ്ങളുടെ ഭാവാഷികാരം ആയി ജ്വല്ലറികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും പുതുതലമുറാ റീട്ടെയില്‍ ജുവല്ലറി മേഖലയില്‍ അതുല്യമായ അനുഭവങ്ങളാകും തങ്ങളുടെ ഡിജിറ്റല്‍, ഫിസിക്കല്‍ ടച്ച് പോയിന്‍റുകളിലൂടെ ലഭ്യമാക്കുകയെന്നും നോവല്‍ ജുവല്‍സ് സിഇഒ സന്ദീപ് കോഹ്ലി പറഞ്ഞു.
ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരുകളുള്ള വിധത്തില്‍ സംസ്കൃതത്തില്‍ നിന്നാണ് ഇന്ദ്രിയ എന്ന ബ്രാന്‍ഡ് നാമം.

error: Content is protected !!