Trending Now

കോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഡിവിഷന്‍ അംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവെച്ചു

 

konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു . അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന് എതിരെ ജിജി സജി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി തീരുമാനം എടുത്തത്‌ .

ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയില്‍ ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു .ഇതിനെതിരെ ആണ് ഹൈക്കോടതിയെ സമീപിച്ചത് . കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കി ഉത്തരവ് ഇറക്കിയത് .

ഇവരെ അയോഗ്യ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിപ്പ്, ജിജി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിഷന്റെ നടപടി.

2020 ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇളകൊള്ളൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് ജിജി സജി വിജയിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റ് യു.ഡി.എഫും ആറെണ്ണം എൽ.ഡി.എഫും നേടി. വനിതാ സംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അവകാശം ഉന്നയിച്ചിരുന്നു.കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയും യു.ഡി.എഫ്. മണ്ഡലം നേതൃത്വവും തണ്ണിത്തോട് ഡിവിഷനിൽ നിന്നുള്ള എം.വി. അമ്പിളിയെ പ്രസിഡന്റായി നിശ്ചയിച്ചു. ഇതോടെ യു.ഡി.എഫ്. നേതൃത്വവുമായി അകന്ന ജിജി 2021 ജൂലായ് 28-ന് എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു.

2021 ആഗസ്റ്റ് 25-ന് എൽ.ഡി.എഫ്. പിന്തുണയോടെ ജിജി സജി ബ്ലോക്ക് പ്രസിഡന്റായി. കോൺഗ്രസിന്റെ പരാതിയിൽ കമ്മിഷൻ സാക്ഷിവിസ്താരം പൂർത്തിയാക്കി നടപടി സ്വീകരിച്ചിരുന്നു .ഇതിനു എതിരെ നല്‍കിയ ഹര്‍ജിയില്‍ ആണ് ഇപ്പോള്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത് .

Judgement dated 18.07.2024 in WA 817 of 2024

error: Content is protected !!