വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്‍റെ  പുതിയ കെട്ടിടം (ജൂലൈ 20)ന് ഉദ്ഘാടനം ചെയ്യും

 

konnivartha.com  : ആധുനിക നിലവാരത്തിൽ നിർമ്മിച്ചകോന്നി വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം  (ജൂലൈ 20) വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും. 1.20 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്.

140 വർഷത്തെ പാരമ്പര്യമുള്ള സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് നാല് തലമുറകൾക്ക് അക്ഷരജ്ഞാനം പകർന്ന വിദ്യാലയത്തിന് പുതിയ കെട്ടിടമായത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകളിലായി 93 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എൽ.കെ.ജി, യു.കെ.ജി എന്നിവയുമുണ്ട്. ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

 

വള്ളിക്കോടിന്റെ അക്ഷരമുത്തശിക്ക് പുതിയ സ്കൂൾ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യമാണെന്ന് ചൂട്ടിക്കാട്ടി നാട്ടുകാർ എം.എൽ.എയ്ക്ക് നിവേദനം നൽകുകയായിരുന്നു.  തുടർന്ന് തുക അനുവദിച്ച് 2022 ഒക്ടോബർ ആറിന് തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമ്മാണം ഒന്നര വർഷം  കൊണ്ടാണ് പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണ ചുതമല. കെട്ടിട നിർമ്മാണം നടക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പഠിപ്പിച്ചത്.

രണ്ട് നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ആധുനി നിലവാരത്തിലുള്ള ക്ളാസ് മുറികൾ, അദ്ധ്യാപകർക്കുള്ള മുറികൾ,  ഓഫീസ്, ശുചിമുറികൾ  എന്നിവയുണ്ട് .  ആറ് ലക്ഷം രൂപ ചെലവിൽ പാചകപ്പുരയും നിർമ്മിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും ശേഷം കലാപരിപാടികളും ഉണ്ടായിരിക്കുമെന്നു സംഘടക സമിതി ചെയർമാൻ ആർ. മോഹനൻ നായരും കൺവീനർ സംഗേഷ്.ജി. നായരും അറിയിച്ചു.