Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 17/07/2024 )

മത്സ്യത്തൊഴിലാളി വനിതാഗ്രൂപ്പുകള്‍ക്ക് ധനസഹായം

ഫിഷറീസ് വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

 

20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്‌ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക്  50 വയസുവരെയാകാം.  സാഫില്‍  നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം  ബാങ്ക്‌ലോണും  അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും. ഒരംഗത്തിന്  പരമാവധി ഒരുലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന്  അഞ്ച് ലക്ഷംരൂപ വരെ സബ്‌സിഡിയായി ലഭിക്കും.

 

ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്  വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡി.ടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്‌സറി, ലാബ്&മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 0468 2967720, 7994132417.


സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനം പുനരാരംഭിച്ചു

താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കണ്ടറി 2024-28 ബാച്ചിലേക്ക് ഓപ്പണ്‍, റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് (രണ്ട്) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു.

പിഴ കൂടാതെ ജൂലൈ 31 വരെയും, 60രൂപ പിഴയോടെ ഓഗസറ്റ് 16 വരെയും ഫീസടച്ച്, www.scolekerala.org  എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചു കൊടുക്കണം.
ഫോണ്‍ :  0471-2342950, 2342271, 2342369.

കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധപ്പെടുത്തി

പന്തളം തെക്കേക്കര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത്  നടപ്പാക്കുന്ന വിവിധ വാര്‍ഷിക വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ ജൂലൈ 24 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ലോക യുവജന നൈപുണ്യദിനം നൈപുണ്യവാരാഘോഷം ജൂലൈ 22 വരെ

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ് ഇ) സംഘടിപ്പിക്കുന്ന ലോക യുവജന നൈപുണ്യ വാരാഘോഷം  ജൂലൈ 22 വരെ നടക്കും.
ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് ടെസ്റ്റ്, കരിയര്‍ ഗൈഡന്‍സ്,  എന്‍എഎസ്എസ്‌സിഒഎം ന്റെ കീഴിലുള്ള ഓണ്‍ലൈന്‍ സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍, സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ഫ്‌ലോര്‍ വിസിറ്റ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി പ്രയോജനപ്പെടുത്താം.
ഗൂഗിള്‍ ഫോം പൂരിപ്പിക്കുക:https://forms.gle/UkWYKTz5uP9q7TaF7

അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസുകളിലേക്കും  ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  പട്ടിക വര്‍ഗ യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ച് ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം.

ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം   ഒരു ലക്ഷം  രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/ സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളു. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും ഒരുവര്‍ഷത്തേക്ക് മാത്രവുമായിരിക്കും.പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അതത് ജില്ലാ ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് റാന്നി,  ട്രൈബല്‍ എക്‌സിസ്റ്റന്‍ഷന്‍ ഓഫീസ് റാന്നി എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.
ഫോണ്‍ :0473 5227703


ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക്  അപേക്ഷക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ജേണലിസം  ആന്‍ഡ്   കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പതു വയസ് കവിയരുത്.

സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകുന്നേരം അഞ്ചുവരെ. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം ആന്‍ഡ്  കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
ഫോണ്‍ : 0484-2422275 /04842422068.

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍   നോര്‍ക്ക റൂട്ട്സ് റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല).
2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍  ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും.  അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ.
വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

യു.എ.ഇ, ഖത്തര്‍, ബഹറൈന്‍,കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് (ചെങ്ങന്നൂര്‍) +91 479 208 0428,+919188492339, (തിരുവനന്തപുരം) 0471 2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ  18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്.

ടെന്‍ഡര്‍

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) പത്തനംതിട്ടയില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്, ബിസിഎ, എംഎസ് സി സൈബര്‍ ഫോറന്‍സിക്, എംഎസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അക്കൗണ്ടിംഗ,് എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സംവരണവിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും.ഫോണ്‍ : 9446302066, 8547124193, 7034612362.

വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലിന്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ : 0468 2325168.

സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 50 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പഠിക്കാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് ലഭിക്കാനായി ജൂലൈ 30 ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യണം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

ജനസംഖ്യാദിനം-ജില്ലാതലപരിപാടിയും എക്സിബിഷനുംസംഘടിപ്പിച്ചു

ജൂലൈ 11 ലോകജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതലപരിപാടിയും എക്സിബിഷനും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍ അനിതകുമാരി നിര്‍വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ നന്ദിയുംപറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഗര്‍ഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കണം എന്നതാണ് ഈവര്‍ഷത്തെ ദിനാചരണ സന്ദേശം.

ജില്ലാതല പരിപാടിയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി
എക്സിബിഷന്‍ പുഷ്പഗിരി നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ ഡ്രാമ, ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുവര്‍ഷങ്ങളുടെ ഇടവേള വേണം. താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭ നിരോധനഗുളികകള്‍ എന്നിവ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ലഭ്യമാണ്. ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്നു തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്.പുരുഷന്‍മാരില്‍ നടത്തുന്നനോ- സ്‌കാല്‍പല്‍വാസക്ടമി വളരെവേദന രഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.

എച്ച്1എന്‍1:കൂടുതല്‍കരുതല്‍വേണം

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി
കാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സതേടണമെന്ന് ജില്ലാമെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍വണ്‍ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, ചെറിയകുട്ടികള്‍, പ്രായമായവര്‍, മറ്റേതെങ്കിലുംരോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുയും ചെയ്യുന്നത്. ജില്ലയിലെ എല്ലാസര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നും ലഭ്യമാണ്. രോഗബാധിതര്‍ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂര്‍ണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണം.

അസാപ് ഐ-ലൈക്ക് കോഴ്സുകള്‍

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ആണ് ക്ലാസുകള്‍ നടക്കുക. അഡ്വാന്‍സ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് , ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്മെന്റ് വിത്ത് അഡ്വാന്‍സ്ഡ് എക്സല്‍, ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, റീറ്റയില്‍ മാനേജ്മെന്റ് തുടങ്ങി 120 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള18 കോഴ്സുകള്‍ ആണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.ഫോണ്‍:9495999688

error: Content is protected !!