konnivartha.com: കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു കുഴല്‍നാടന്‍. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശകുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍.
കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലായിരുന്നു എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു മറുപടിയായി പറഞ്ഞു .വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ല. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാല്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ്സുമുതലുള്ള ഇപ്പോഴത്തെ തലമുറ. ഇത് ഭയനാകരമായ അവസ്ഥയാണ്. അത് ചര്‍ച്ചചെയ്യാതിരുന്നിട്ടോ അംഗീകരിക്കാതിരുന്നിട്ടോ കാര്യമില്ല.ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.കേരളത്തില്‍ മാത്രം എല്ലായിടത്തേക്കാളും കുറവ് വരാന്‍ കാരണം ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായതാണെന്നും മാത്യു പറഞ്ഞു.അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എത്തുന്ന വിദേശനിക്ഷേപം വളരെ കുറവാണ്. തൊഴിലില്ലായ്മയില്‍ ജമ്മു കശ്മീരിനേക്കാൾ പിന്നിലാണ്.ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ചിട്ട് കാര്യമില്ല. വിദ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥമായി ചര്‍ച്ചചെയ്യാതിരുന്നിട്ട് കാര്യമില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു .കഴിവുള്ള ചെറുപ്പക്കാരൊക്കെ പുറത്തേക്ക് ഒഴുകുന്നത് തുടര്‍ന്നാല്‍ കേരളം അവസാനം വൃദ്ധസദനമായി മാറുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.