Trending Now

പളനിയിലെ ഹിഡുമ്പൻ മല : ഐതീഹ്യം കഥ പറയുന്നു

 

 

 

മഞ്ജു വിനോദ് ഇലന്തൂർ

konnivartha.com:ഐതീഹ്യ പെരുമഴയുടെ വിശ്വാസ കുളിരില്‍ മനം നിറയ്ക്കുന്ന ഹിഡുമ്പൻ മല. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരം .പളനി മലയും ഹിഡുമ്പൻ മലയും തമ്മില്‍ ഉള്ള ഇഴപിരിയാ ബന്ധത്തില്‍ പഴമയുടെ നാവുകള്‍ കാതുകളിലേക്ക് പകര്‍ത്തുന്ന ഒരേ താളം . തലമുറകളായി കൈമാറികിട്ടിയ ആ ഐതീഹ്യം ഇവിടെ കഥ പറയുന്നു .ഹരിത ഭംഗികള്‍ താലമേന്തിയ പളനി . ഈ താഴ്വാരങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സ്മൃതികള്‍ തന്‍ ഭൂവില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് പുതു തലമുറയുടെ അറിവിലേക്ക് പകര്‍ത്തുന്നു … വരിക ഐതീഹ്യം കഥ പറയുന്ന ഹിഡുമ്പൻ മല കാണാം

 

പഴനിയിൽ ആദ്യമായി എത്തുന്നവർക്ക് അധികം സുപരിചിതമല്ലാത്ത ഇടമാണ് ഹിഡുമ്പൻ മല( ഇഡുംമ്പൻ ക്ഷേത്രം )ഈ മലയിൽ ദർശനം നടത്തി വേണം പഴനിമല ചവിട്ടാൻ എന്നാണ് വിശ്വാസം. പഴനിയിലെ പ്രസിദ്ധമായ രണ്ടു മലകളിൽ ഒരു മലയാണ് ഹിഡുമ്പൻ മല. മറ്റൊന്ന് പഴനിമല.

അഞ്ഞൂറ്റി നാൽപ്പത് പടികളാണ് ഇവിടെയുള്ളത് എന്ന് പറയപ്പെടുന്നു.ഇവിടെയും ചെരുപ്പിട്ടുകൊണ്ട് കയറാൻ പറ്റില്ല.രാവിലെ 7മണിമുതൽ വൈകിട്ട് 6മണിവരെ ഇവിടെ ദർശനം സാധ്യമാകൂ. പ്രഭാതത്തിലും പ്രദോഷത്തിലും ഈ മലകയറുന്നതാവും നല്ലത്. അല്ലെങ്കിൽ പടിക്കെട്ടുകളിലെ ചൂട് ഈ സമയം അസഹനീയം ആണ്.

ഹിഡുമ്പന്‍റെ ഗുരുവായ അഗസ്ത്യർ മുനി ഒരിക്കൽ ശിവഗിരി,ശക്തിഗിരി എന്ന രണ്ടു മലകൾ തന്റെ വാസസ്ഥലമായ തെക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ആ ഉദ്യമം അസുര ശിഷ്യനായ ഹിഡുമ്പനെ ഏൽപ്പിച്ചു. അദ്ദേഹം അത് രണ്ട് കാവടിയുടെ രൂപത്തിൽ ഒരു ഉപകരണം ഉണ്ടാക്കി ചുമലിലേറ്റി യാത്ര തുടങ്ങി. യാത്ര വേളയിൽ ഹിഡുമ്പൻ പഴനിയിൽ വിശ്രമിച്ചു. വീണ്ടും യാത്ര തുടർന്നപ്പോൾ ഹിഡുമ്പൻ കുന്നുകൾ ഉയർത്താൻ കഴിഞ്ഞില്ല. ഇതേ സമയത്താണ് ജ്ഞാനപഴത്തിന്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങി മുരുകൻ പഴനിയിലേക്ക് എത്തിയത്.

(മുരുകനെ തിരിച്ചു വിളിക്കാനായി ശിവഭഗവാനും പാർവതിദേവിയും പഴനിയിൽ എത്തിയെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ മുരുകൻ കൂട്ടാക്കിയില്ല. ദേവിയും ദേവനും മുരുകനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു ‘പഴം നി ” അതാണ് പിന്നീട് പഴനി എന്ന നാമത്തിൽ അറിയപ്പെടുന്നത് എന്ന് പറയപ്പെടുന്നു.)

ഹിഡുമ്പൻ മലയുയർത്താൻ ശ്രമിക്കുമ്പോഴാണ് കൗപീനം മാത്രം ഉടുത്ത ഒരു കൊച്ചു ബാലൻ മലമുകളിൽ നിൽക്കുന്നത് കണ്ടത്. അത് മുരുകൻ ആയിരുന്നു. ഹിഡുമ്പന്‍റെ ഗുരുഭക്തിയെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ച മുരുകൻ ഹിഡുമ്പൻ പറഞ്ഞിട്ടും മലമുകളിൽ നിന്ന് താഴെ ഇറങ്ങാൻ തയ്യാറായില്ല.

തന്റെ യാത്ര തടസ്സപ്പെടാൻ കാരണം മുരുകൻ ആണെന്ന് മനസ്സിലാക്കിയ
ഹിഡുമ്പനും മുരുകനും തമ്മിൽ യുദ്ധം ഉണ്ടായി. ആ യുദ്ധത്തിൽ ഹിഡുമ്പൻ വധിക്കപ്പെട്ടു. എന്നാൽ ഹിഡുമ്പന്‍റെ ഉദ്ദേശലക്ഷ്യം അറിയാമായിരുന്ന മുരുകൻ ഹിഡുമ്പന് വീണ്ടും ജീവൻ പകർന്നതായിട്ട് ഒരു കഥ. എന്നാൽ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഹിഡുമ്പൻ അദ്ദേഹത്തിന്റെ പത്നിയായ ഹിടുമ്പിക്കും അഗസ്ത്യാർ മുനിക്കും മുമ്പിൽ ലക്ഷ്യം നിറവേറ്റാൻ വീണ്ടും പുനർജനിച്ചു എന്ന് മറ്റൊരു കഥ.

അങ്ങനെ ഹിഡുമ്പൻ മുരുകന്റെ ഏറ്റവും വലിയ ഭക്തനായി മാറി. എന്നാൽ മുരുകൻ ഇരിക്കാനുള്ള മല കൊടുത്തത് ഹിഡുമ്പൻ ആണെന്ന് തമിഴർ വിശ്വസിക്കുന്നു.

പഴനിമലയിൽ കാവടിയേന്തി എത്തുന്ന ഭക്തരെ മുരുകൻ അനുഗ്രഹിക്കണമെന്ന് ഇഡുംബന്റെ അപേക്ഷ മുരുകൻ കേട്ടു. പഴനിമലക്കും മുരുകൻ സ്വാമിക്കും കാവലാളായി ഇടുമ്പൻ ഉണ്ടെന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ പഴനിയിൽ നിന്ന് നോക്കിയാൽ ഇടുമ്പൻ മല ക്ഷേത്രം കാണാം.

പഴനിമലയും ഇടുംബൻ മലയും ഐതിഹ പാരമ്പര്യമുള്ള രണ്ടു മലകളാണ്.പഴനിയുടെ കാവൽക്കാരനാണ് ഹിഡുമ്പൻ. ഈ മലയുടെ പിന്നിൽ നിന്നു നോക്കിയാൽ പഴനിമലയും,
പഴനി മലയിൽ നിന്നു നോക്കിയാൽ ഹിഡുമ്പൻ മലയും കാണാം.

ചെറുപ്പംമുതൽ പഴനി ആണ്ടവനെ തൊഴുവൻ ഭാഗ്യം ലഭിച്ചതിലും ഇപ്പോഴും ഭഗവാനെ പീലി നിറച്ച് കാവടിയെടുത്ത് വന്ന് കാണാൻ കഴിഞ്ഞതിലും ഭഗവാന്റെ തൃപ്പാദത്തിന്റെ ചുവട്ടിലായി താമസം സൗകര്യം ഒരുക്കി നൽകിയതിലും നന്ദി അർപ്പിച്ചുകൊണ്ട് പഴനിമലയോട് തൽക്കാലം യാത്ര പറയുന്നു.

ഈ ദിവസങ്ങളിൽ എല്ലാവിധമായ സംരക്ഷണവും അനുഗ്രഹവും നൽകിയതിന്…. വീണ്ടും വരുവാൻ ആഗ്രഹത്തോടെ ആണ്ടവന്‍റെ നാട്ടിൽ നിന്നും ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് 🙏
40 വർഷത്തോളമായി പഴനിയിലും ഹിഡുമ്പൻ മലയുടെ കവാടത്തിൽ ഭിക്ഷയെടുക്കുന്ന ദുരൈസ്വാമി, സുന്ദരമാൾ എന്നിവർക്കൊപ്പം മഞ്ജു വിനോദ് ഇലന്തൂർ.

(പണ്ടേ കേട്ട കഥകൾ… ഇപ്പോഴും ലഭിച്ച അറിവുകൾ… തമിഴ് മക്കൾ പറഞ്ഞ വിവരങ്ങൾ അതൊക്കെയാണ് ഈ കുറുപ്പിലുള്ളത്. അതിൽ തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക )