പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/06/2024 )

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

മസ്റ്ററിംഗ്

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. (കഴിഞ്ഞ മാസം വരെ സ്പെഷ്യല്‍ മസ്റ്ററിംഗ് ചെയ്തവരും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് ചെയ്യണം.)ഫോണ്‍: 0468 2222340, 9496042677.

ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

പ്രമാടം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തൃ പദ്ധതികളുടെ അപേക്ഷ വിതരണം ആരംഭിച്ചു. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസിലോ അംങ്കണവാടികളിലോ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പക്കലോ തിരികെ ഏല്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല ജൂണ്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ. ഉദ്ഘാടനം ചെയ്യും. റാന്നി സെന്റ് തോമസ് കോളജ് കോമേഴ്‌സ് വിഭാഗം അസി. പ്രൊഫ. ആന്‍ഡ് റിസര്‍ച്ച് ഗൈഡ് ഡോ. രോണി ജെയിന്‍ രാജൂ ക്ലാസ് നയിക്കും.

‘ലഹരിയും, നിയമങ്ങളും – അറിവിലേക്ക്’ജില്ലാതല ഉദ്ഘാടനം

അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധദിനത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പും വിമുക്തി മിഷനും സംഘടിപ്പിക്കുന്ന ‘ലഹരിയും, നിയമങ്ങളും – അറിവിലേക്ക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 26 ന് നടക്കും. രാവിലെ 10 ന് അടൂര്‍ സെന്റ് സിറില്‍സ് കോളജില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഡോ. സക്കറിയാസ് മാര്‍ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷയായിരിക്കുന്ന ചടങ്ങില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്‍ ചാര്‍ജ്ജ് രാജീവ് ബി. നായര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

‘ഓണ്‍ലൈന്‍ കളികള്‍ തീക്കളി’ബോധവത്കരണ നാടകം സ്‌കൂളുകളിലേക്ക്

ദേശീയ വായനാദിന മാസാചരണ പരിപാടിയുടെ ഭാഗമായി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളില്‍ ബോധവതത്കരണ നടാകം അവതരിപ്പിക്കും. ജനമൈത്രി പോലീസിന്റെ തീയേറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ‘ഓണ്‍ലൈന്‍ കളികള്‍ തീക്കളി’ എന്ന നാടകം അവതരിപ്പിക്കുന്നത്.

ആദ്യ നാടകം ഈ മാസം 28ന് തിരുവല്ല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറും. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വി. അജിത്ത് നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷനും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. അനില മുഖ്യാതിഥിയും ആയിരിക്കും.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്.
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.

നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

http://mausamimd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുക.

ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ. പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
തിരുവല്ലയിലുള്ള ഡി.റ്റി.പി.സി. സത്രം കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.

മസ്റ്ററിംഗ് നടത്തണം

വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ 2023 ഡിംസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ് നടത്തണം

പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 2023 ഡിംസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അങ്കണവാടി ഹെല്‍പ്പര്‍; അഭിമുഖം ജൂലൈ ഒന്‍പതിന്

പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കടപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഒന്‍പതിന് കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച കത്ത് ജൂണ്‍ 27 വരെ ലഭിക്കാത്തവര്‍ പുളിക്കീഴ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0469 2610016.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും
കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു

പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 26,27,28 തീയതികളില്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 04682222665.

സാധ്യതാപട്ടിക നിലവില്‍വന്നു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഏകദിന പരിശീലനം

2023 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂലൈ ഒന്‍പതിന് രാവിലെ ഒന്‍പതിന് പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഒരു ദിവസത്തെ ഏകദിന പരിശീലനപരിപാടി നടത്തും. ഫോണ്‍ 0468 2223123.

error: Content is protected !!