രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്

 

konnivartha.com: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി  കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി.

പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറു ലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ആണ് കൊച്ചി ഓഫീസ് വഴി പ്രോസസ് ചെയ്തത്. പ്രതിദിനം മൂവായിരത്തി എഴുന്നൂറോളം പാസ്പോർട്ട് സംബന്ധമായ അപേക്ഷകൾ കൊച്ചി ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നു.

പാസ്പോർട്ട് അപേക്ഷകർക്ക് സേവകേന്ദ്രത്തിലെ സ്ലോട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും, സേവകേന്ദ്രത്തിൽ അഭിമുഖത്തിന് ശേഷം പാസ്‌പോർട്ട് പ്രിൻ്റ് ചെയ്ത് അപേക്ഷകന് അയക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധിയിൽ കൊച്ചി ഓഫിസ് മുന്നിലാണ്. തീരുമാനമാകാതെ കെട്ടികിടക്കുന്ന പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം പരമാവധി കുറക്കുക, അപേക്ഷകരുടെ പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുക എന്നീ ഉദ്ദേശത്തോടെ വിവിധ സമൂഹിക മാധ്യമങ്ങളുടെ സാദ്ധ്യതകൾ പരമാവധി ഉൾപെടുത്തികൊണ്ട് ഒരു “സോഷ്യൽ മീഡിയ സെൽ” കൊച്ചി ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഈയൊരു നേട്ടം കൂടുതൽ സേവനം ചെയ്യുന്നതിന് ആത്മവിശ്വാസം നൽകുന്നതായി പാസ്പോർട്ട് ഓഫീസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ മികച്ച ഗ്രാൻ്റിംഗ് ഓഫീസറിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ ഓഫീസിലെ എം എൻ ബർട്ടിനും മികച്ച വെരിഫിക്കേഷൻ ഓഫീസറിനുള്ള പുരസ്കാരം ലിയാന്റോ ആൻറണിക്കും സമ്മാനിച്ചു.