Trending Now

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Spread the love

 

konnivartha.com: പത്താം അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‌യോ​ഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂർണമായി പരിവർത്തനപ്പെടുത്താൻ യോ​ഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോ​ഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ യോ​ഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ഏകാ​ഗ്രത, ഓർമശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കുന്നതിൽ യോ​ഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം വി​ദ്യാർത്ഥികളോട് സംസാരിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവതി ഐഐഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആയുഷ് മിഷൻ യോ​ഗ ഇൻസ്ട്രക്ടർ ഡോ ​ഗോപിക ചന്ദ്രൻ, യോ​ഗ പരിശീലനത്തെക്കുറിച്ചുള്ള ബോധവൽക്കണ ക്ലാസ് നയിക്കുകയും വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ​ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ യോ​ഗ ഇൻസ്ട്രക്ടറായ ഡോ. ലക്ഷ്മി പി.വിയുടെ നേതൃത്വത്തിലുള്ള യോ​ഗ പരിശീലന പരിപാടിയും ഡെമോൺസ്ട്രേഷനും ചടങ്ങിന്റെ ഭാ​ഗമായി നടന്നു.

പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ ജ്യോതി മോഹൻ എൻ വി, വൈസ് പ്രിൻസിപ്പാൾ അലക്സ് ജോസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ് എന്നിവരും ച‌ടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനു ശേഷം വിദ്യാർത്ഥികൾക്കായുള്ള മാജിക് ഷോയും നടന്നു.

 

error: Content is protected !!