
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ജീവനൊടുക്കി. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് ആദിത്യ.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിക്കെതിരെ വ്യാപക സൈബർ ആക്രമണം ആയിരുന്നു.
സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.