കാലവര്‍ഷം: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കാലവര്‍ഷം മേയ് 30 ന് കേരളത്തിലെത്തും

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ്് ദിവസം വ്യാപകമായി  ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മേയ് 30 മുതല്‍ ജൂണ്‍ 2 വരെ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

www.konnivartha.com
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്: 9496042633
ടോള്‍ ഫ്രീ: 1077, 1070
കെ.എസ്.ഇ.ബി: 1056, 1912

പത്തനംതിട്ടയില്‍ രണ്ടുവരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ മേയ് 30 മുതല്‍ ജൂണ്‍ രണ്ടുവരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം. വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും വിലയിരുത്തണം.

ശക്തമായ കാറ്റ്: ദുരന്ത നിവാരണ അതോറിട്ടിയുടെ പൊതുജാഗ്രത നിര്‍ദേശങ്ങള്‍

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടം ഉണ്ടാകാന്‍ സാധ്യത. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനം പാര്‍ക്ക് ചെയ്യാനോ പാടില്ല.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റും മഴയും ഇല്ലാത്ത സമയത്ത് ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്ക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണം.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണതായി കണ്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി അറ്റകുറ്റ പണികള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തണം.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

ഇടിമിന്നല്‍: ദുരന്ത നിവാരണ അതോറിട്ടിയുടെ ജാഗ്രതാ നിര്‍ദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കണം.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ 30 സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കണം.

ഇടിമിന്നല്‍ സാധ്യത മനസിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈല്‍ ആപ്ലിക്കേഷന്‍

error: Content is protected !!