Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വിചാരണയ്ക്കായി പ്രത്യേക കോടതി

 

konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്.

നിക്ഷേപകരെ വഞ്ചിച്ച 2000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ ജപ്തി ചെയ്തുകൊണ്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. പ്രതികളായ, പോപ്പുലർ ഫിനാൻസ് എം.ഡി.റോയ് തോമസ്, ഭാര്യയും ഡയറക്ടറുമായ പ്രഭ, മക്കളും ഡയറക്ടർമാരുമായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ ജാമ്യത്തിലാണ്.

നിക്ഷേപത്തട്ടിപ്പിന് ഇരയാകുന്നവർക്ക് വേഗത്തിൽ കുറച്ചെങ്കിലും പണം തിരികെകിട്ടാൻ ഇടയാക്കുന്ന ബഡ്സ് നിയമം ചുമത്തി സംസ്ഥാനത്ത് ആദ്യം രജിസ്റ്റർചെയ്ത കേസ് ആണ് പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ്. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സുപ്രിംകോടതിയെ സമർപ്പിച്ചിരുന്നു.കേസ് സി ബി ഐയും അന്വേഷിക്കുന്നു .

error: Content is protected !!