മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദ്ദേശം
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് (15) മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വന്നേക്കും. അതിനാല്‍ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയരാനും അാധ്യതയുണ്ട് എന്നതിനാലാണ് മുന്നറിയിപ്പ്. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
പത്തനംതിട്ടയില്‍ 19 വരെ മഞ്ഞ അലര്‍ട്ട്
ഈ മാസം 19 വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. നാളെ (16) പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും 17 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 18 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് 19 ന് മഞ്ഞ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. ഇതില്‍ ചില ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും
ഈ മാസം 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്‌കോളര്‍ഷിപ്പോടെ പരിശീലനം
തൊഴില്‍ വകുപ്പ്-ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി) പരിശീലന പരിപാടികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ തൊഴില്‍വകുപ്പ് അവസരം. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി) ചവറ, കൊല്ലം. ഫോണ്‍: 8078980000.
ചുരുക്കപ്പട്ടിക
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ വര്‍ക്ക്‌ഷോപ്പ്
സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വ്ികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ എന്ന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഈമാസം 22 മുത്ല്‍ 24 വരെ കളമശേരിയില്‍ ഉള്ള കെഐഇഡി കാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം.
അപകടസ്ഥിതിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മറ്റ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വസ്തു ഉടമകള്‍തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ച് മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ അടിയന്തരമായി നിര്‍ദേശം പാലിക്കണമെന്നും സെക്രട്ടറി പറഞ്ഞു.
‘എന്നിടം’ കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം 17ന്
പാട്ട് പാടിയും കൂട്ട് കൂടിയും അറിവ് പങ്കു വച്ചും വാര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് ഒത്തു ചേരുന്നതിനായി എന്നിടം കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെയും റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ (17)നടക്കും. രാവിലെ 9.30 ന് പ്രമാടം സി.ഡി.എസിലെ 17 വാര്‍ഡിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.
സ്ത്രീകളുടെയും കുട്ടികളുടേയും കലാപരിപാടികള്‍ സംഘടിപ്പിക്കല്‍, സാഹിത്യ ക്യാമ്പ്, സിനിമ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, ബാലസഭ, ബഡ്‌സിലെ കുട്ടികളുടെ കലാപരിപാടി, കാര്‍ഷിക പ്രദര്‍ശനം, ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍, വിപണന മേള തുടങ്ങിയവയും സംഘടിപ്പിക്കും. തദ്ദേശക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ മുറികള്‍, വായനശാല, സാംസ്‌കാരിക നിലയങ്ങള്‍, ക്ലബുകള്‍ തുടങ്ങിയവ എ.ഡി.എസ് തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററുകളുടെ ആസ്ഥാനമന്ദിരമായി ഉപയോഗിക്കും.
കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ് പദ്ധതി
കുട്ടികള്‍ക്ക് അറിവ്, സര്‍ഗാത്മകത, സംരംഭകത്വം എന്നിവയില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മൈന്‍ഡ്്‌സെറ്റ് സൃഷ്ടിക്കാനായി കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ് പദ്ധതി. കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍, ഉദ്യം ലേര്‍ണിംഗ് ഫൗണ്ടേഷന്‍ എന്നിവരു2െ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെ കണ്ടെത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെന്‍ഡറിംഗ് സഹായം നല്‍കി കുട്ടികളുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രദേശിക തലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഈ പദ്ധതി സഹായകമാകും. ഈ മാസം അവസാനംവരെ ഒന്നാംഘട്ട പ്രവര്‍ത്തനവും
ശുചിത്വോത്സവം 2.0
കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും കുട്ടികള്‍ക്ക്
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്വോത്സവം 2.0. സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥി തിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക, പാഴ്‌വസ്തുക്കളില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.
എന്നിടം കേന്ദ്രങ്ങള്‍ വിജ്ഞാന തൊഴില്‍ നേടാനുള്ള ഇടങ്ങളുമാവും
അയല്‍ക്കൂട്ട അംഗങ്ങളുടെയും ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം തൊഴില്‍ ആവശ്യമായവര്‍ക്കുള്ള പിന്തുണകേന്ദ്രങ്ങളായും എന്നിടം മാറും. കേരള നോളേജ് ഇക്കണോമി മിഷനും കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലുകള്‍ അവരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന് മുന്നോടിയായുള്ള ആലോചനായോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂണ്‍ ആദ്യവാരം സെമിനാര്‍ നടത്തുന്നതിന് തീരുമാനമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കാന്‍ സെമിനാറിലൂടെയുള്ള ബോധവത്കരണം സഹായകമാകുമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളെ പറ്റി അറിയാനും മനസിലാക്കാനും ഉപയോഗിക്കാനും സെമിനാര്‍ പ്രയോജനപ്രദമാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
സെമിനാറിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ രക്ഷാധികാരിയാകുന്ന സംഘാടക സമിതിയുടെ ചെയര്‍മാന്‍ യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് പ്രതിനിധി ഫാ. ജിജി തോമസാണ്. അഷ്‌റഫ് ഹാജി അലങ്കാരത്ത്, ഭന്തേ കശ്യപ്, അംജത്ത് അടൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാര്‍. എഡിഎം ജി. സുരേഷ് ബാബു കോര്‍ഡിനേറ്റര്‍. കണ്‍വീനര്‍മാരായി അഡ്വ. എം.കെ ഹരികുമാര്‍, ബെന്നി പുത്തന്‍പറമ്പില്‍, റൈന ജോര്‍ജ്, ജേക്കബ് മദനഞ്ചേരി, അഡ്വ. അദിനാന്‍ ഇസ്മായില്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ. സൈഫുദീന്‍ ഹാജി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ടി. വിനോദ് രാജ്, വിവിധ മത, സാമുദായിക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി. റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു.