പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം
പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ.
പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ടയില്‍ ഈ മാസം 17 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (14 ന് ) പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും, 16 ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴ: ജാഗ്രത പാലിക്കാം
ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.
മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്.
ജില്ലയില്‍ ഡ്രൈഡേ ദിനാചരണംനടത്തി
കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ ഡ്രൈഡേ ദിനാചരണം നടത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലും പരിസരത്തും നടത്തിയ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അനിതകുമാരി എല്‍. നിര്‍വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയൊട്ടാകെ നടത്തിയ ഡ്രൈഡേ ദിനാചരണത്തില്‍ ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ വോളണ്ടിയര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റബര്‍ തോട്ടങ്ങളിലെ കമിഴ്ത്തിവയ്ക്കാത്ത ചിരട്ടകള്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍, നിര്‍മ്മാണ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ചെടിച്ചട്ടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ തുടങ്ങിയവയിലെല്ലാം കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളിലും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വരുംദിവസങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ശബരിമല മാസ പൂജ: സൗകര്യങ്ങള്‍ വിലയിരുത്തി
മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മഴയത്ത് ഒടിഞ്ഞുവീണ മരങ്ങളൊക്കെ നീക്കം ചെയ്യുകയും ഗതാഗത തടസങ്ങള്‍ നീക്കം ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. മാസപൂജ സമയത്ത് കാട്ടാനയുടെ ശല്യം ഉള്ള പ്രദേശങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയമിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇത്തവണയും സ്വീകരിച്ചതായി റാന്നി തഹസില്‍ദാര്‍ വ്യക്തമാക്കി. നിലവില്‍ വൈദ്യുതി വിതരണത്തിന് തടസങ്ങളില്ലെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടി. മാസപൂജ കാലത്ത് കൊച്ചുപമ്പ വഴിയാണ് ശബരിമലയിലേക്കുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിച്ച് റീസ്റ്റോര്‍ ചെയ്യാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ആ സമയത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പാ നദിയില്‍ ഭക്തര്‍ മുങ്ങുന്ന സാഹചര്യം എല്ലാ മാസപൂജ കാലത്തും ഉണ്ടാകാറുണ്ടെന്നും അതിനാല്‍ ഇവിടെ അതീവജാഗ്രത പുലര്‍ത്താറുണ്ടെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ കൃത്യമായി മൊബൈല്‍ കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി ഉറപ്പുനല്‍കി. മാസപൂജ സമയത്തെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തുതീര്‍ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കുടിവെള്ളം കൃത്യമായി ലഭ്യമാക്കാന്‍ കഴിയുന്നുണ്ടെന്നും പൈപ്പുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്നുണ്ടെന്നും ജല അതോറിറ്റി എഞ്ചിനീയര്‍ അറിയിച്ചു.
മാസപൂജ സമയത്തും ശബരിമലയില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യക്തമാക്കി. ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി ആവശ്യമായ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ചൂണ്ടിക്കാട്ടി. നീലിമലയിലടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ മുഴുവന്‍ വയറിംഗും മാറ്റേണ്ട സമയമായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ഡിഎംഒ പറഞ്ഞു.
ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്
ജില്ലാതല എക്സിക്യൂട്ടീവ് വര്‍ക്കിംഗ് കമ്മിറ്റികളുടെ യോഗം ചേര്‍ന്നു
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നിനായി എ.എം.ആര്‍. കമ്മിറ്റിയുടെ ജില്ലാതല എക്സിക്യൂട്ടീവ് ആന്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. എസ്.ശ്രീകുമാര്‍ (ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, പത്തനംതിട്ട) ഡോ. അംജിത്ത് രാജീവന്‍ (ആര്‍ദ്രം നോഡല്‍ ഓഫീസര്‍), ഡോ. ഐപ് ജോസഫ് (ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍), ഡോ. സേതുലക്ഷ്മി (ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍), ഡോ. ലക്ഷ്മി ബലരാമന്‍ (ആര്‍.പി.എച്ച്. ലാബ്), വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ പ്രതിനിധീകരിച്ചുളള ഉദ്യോഗസ്ഥര്‍, ഫാര്‍മസിസ്റ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കാതിരിക്കുക, ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വലിച്ചെറിയാതിരിക്കുക എന്നീ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 15 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 15 ന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. ഈ സിറ്റിംഗില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കും.
മല്ലപ്പളളി കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുളള സീറ്റിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍: 0469 2961525, 8281905525.
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം ആരംഭിക്കുന്നു. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് തുടങ്ങി വിവിധയിനം രുചിയിനങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 22 ന് ക്ലാസ് ആരംഭിക്കും. പ്രായപരിധി 18-45 വയസ്.ഫോണ്‍: 7994497989, 0468 – 2270243, 6235732523.
പി.എസ്.സി. അഭിമുഖം 17 ന്
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം.: 498/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 17 ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0468 2222665.
അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം 20 ന് വൈകിട്ട് അഞ്ചുവരെ. വിവരങ്ങള്‍ക്ക് പത്തനംതിട്ട സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2325168.
ന്യൂനപക്ഷ സംഘടനാ നേതൃയോഗം 15 ന്
ജില്ലയിലെ വിവിധ മുസ്ലീം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാര്‍സി വിഭാഗത്തില്‍പെട്ട ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം നാളെ (15) ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്, മെമ്പര്‍മാരായ പി റോസ, എ സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.