konnivartha.com:മത മൈത്രിയുടെ സാഹോദര്യം വിളിച്ചോതുന്ന പുണ്യ ഭൂമിക…. കോന്നിയൂര്‍ . കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ എത്തിയ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി ലിന്റോ തോമസിനെ യാഗാചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ പടിഞ്ഞാറേ ശാലയിൽ നിന്ന് യാഗ മദ്ധ്യേ ചിതി ഭൂമിയിലെത്തി ആദരിച്ചു.
സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹനൊപ്പം ആചാര്യൻ അദ്ദേഹത്തിന് പ്രസാദം പ്രാർത്ഥനകളോടെ നൽകിയ ശേഷം തൊഴുതു വണങ്ങി പുഷ്പഹാരം കഴുത്തിലണിയിച്ചു ആദരമന്ത്രം ചൊല്ലി. പള്ളി ട്രസ്റ്റി സി എം ജോൺ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും വികാരിക്കൊപ്പം യാഗ ശാലയിലെത്തിയിരുന്നു. സാധാരണ വൈദികർക്ക് മാത്രം പ്രവേശനമുള്ള ചിതി സ്ഥിതിയിലാണ് ഫാദറിനെ ആദരിച്ചത്. ആദരവ് ഏറ്റുവാങ്ങി നന്ദി അറിയിച്ചു ഫാദറും സംഘവും യാഗത്തിന് പിന്തുണ അറിയിച്ചു മടങ്ങുകയായിരുന്നു.
നേരത്തെ അവഭൃഥസ്നാന ഘോഷയാത്ര പള്ളിയുടെ തിരുമുറ്റത്തുകൂടിയാണ് കടന്നു പോയത്. മെഴുകുതിരി കത്തിച്ച് അഗ്നി ഒരുക്കിയും പുഷപങ്ങളർപ്പിച്ചുമാണ് ഘോഷയാത്രയെ ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി വരവേറ്റത്. യാഗ യജമാനനും, പത്‌നിയും, 41 ഋത്വിക്കുകളും ദീപ വന്ദനം നടത്തുകയും സർവ്വ ലോക സുഖ മന്ത്രം ജപിക്കുകയും ചെയ്തിരുന്നു.