Trending Now

ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 27/04/2024 )

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍ നാലിനേ വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കൂ.1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) സി പത്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ചെയ്യുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമായി പോള്‍ മാനേജര്‍ ആപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും നടക്കുന്ന കാര്യങ്ങള്‍ ജില്ലാതലത്തിലുളള കണ്‍ട്രോള്‍ റൂമില്‍ നിന്നു നേരിട്ട് നിരീക്ഷിക്കാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകമായത് ഈ ആപ്പ് വഴിയാണ്. ഈ മൊബൈല്‍ ആപ്പിനെ കേരള പോള്‍സ് എന്ന പേരില്‍ തയ്യാറാക്കിയ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലാതലത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചത്.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലൈവായി ഇത് നിരീക്ഷിക്കാന്‍ കഴിയും വിധമായിരുന്നു സംവിധാനം. പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെയുളള വിവരങ്ങള്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമായിരുന്നു. വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം എന്നിങ്ങനെ 20 ചോദ്യങ്ങള്‍ക്കുളള ഉത്തരം ഫീഡ് ചെയ്യാനുളള സംവിധാനം ആപ്പിലുണ്ട്. കൂടാതെ, വോട്ടെടുപ്പിന് തടസങ്ങള്‍ നേരിട്ടാലും ആപ്പ് മുഖേന അറിയാന്‍ കഴിഞ്ഞു.

ഓരോ മണിക്കൂര്‍ ഇടവിട്ട് എത്ര പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ വോട്ട് ചെയ്തുവെന്ന വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞതും വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് എത്ര പേര്‍ വരി നില്‍ക്കുന്നു, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം, ആകെ പോള്‍ ചെയ്ത വോട്ട എന്നിവ ഓരോ ബൂത്തില്‍ നിന്നും ആപ്പില്‍ അപ്ലോഡ് ചെയ്തതു ജില്ലാതലത്തിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എളുപ്പമായി.

പ്രിസൈഡിംഗ് ഓഫിസറോ ഫസ്റ്റ് പോളിംഗ് ഓഫിസറോ ആണ് ബൂത്തുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടാന്‍ ഇടയാക്കാവുന്ന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര പരിഹാരത്തിനുള്ള സംവിധാനവും ആപ്പിലുണ്ടായിരുന്നു. എസ്ഒഎസ് ബട്ടണ്‍ ഉപയോഗിച്ചു വിവരം ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുവാനും കഴിഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ മെബൈല്‍ ആപ്ലിക്കേഷനാണ് പോള്‍ മാനേജര്‍ ആപ്പ്.

സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ച  എല്ലാവര്‍ക്കും നന്ദി – ജില്ലാ കളക്ടര്‍

ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നന്ദി അറിയിച്ചു. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ഥതയോടെ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എആര്‍ഒമാര്‍, ഇആര്‍ഒമാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജകരമാക്കിയതെന്നും കളക്ടര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് : മണ്ഡലത്തില്‍ 63.37 ശതമാനം പോളിംഗ്

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 63.37 വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി.  ബാലറ്റു വോട്ടുകള്‍ കണക്കാക്കാതെ വോട്ട് ചെയ്തവരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. ആകെയുള്ള 14,29,700 പേരില്‍ 9,06,051 പേര്‍ വോട്ട് ചെയ്തു. 6,83,307 പുരുഷന്‍മാരില്‍ 4,42,897 (64.82) ഉം 7,46,384 സ്ത്രീ വോട്ടര്‍മാരില്‍ 4,63,148 (62.05) ഉം ഒന്‍പത് ട്രാന്‍സിജന്‍ഡറില്‍ ആറ് (66.67) പേരും വോട്ടു രേഖപ്പെടുത്തി.

ഏറ്റവും അധികംപേര്‍ വോട്ട് ചെയ്ത മണ്ഡലമെന്ന ബഹുമതി ആറന്മുളയ്ക്ക്.
2,36,632 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ നിന്നും 1,45,106 പേരാണ് പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടിംഗ് ഏറ്റവും കുറവുരേഖപ്പെടുത്തിയത് റാന്നിയില്‍. 1,91,442 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ 1,16,248 പേരാണ് വോട്ടു ചെയ്തത്.

അടൂരില്‍ ആകെയുള്ള 2,09,760 വോട്ടര്‍മാരില്‍ 1,41,454 പേരും വോട്ട് ചെയ്തു. കോന്നി മണ്ഡലത്തില്‍ ആകെയുള്ള 2,00,850 വോട്ടര്‍മാരില്‍ 1,29,031 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവല്ലയില്‍ 2,12,440 വോട്ടര്‍മാരില്‍ 1,28,582 പേര്‍ വോട്ട് ചെയ്തു.
കാഞ്ഞിരപ്പള്ളിയില്‍ 1,87,898 വോട്ടര്‍മാരില്‍ 1,24,552 പേര്‍ വോട്ട് ചെയ്തു. പൂഞ്ഞാറില്‍ ആകെയുള്ള 1,90,678 വോട്ടര്‍മാരില്‍ 1,21,078 പേര്‍ വോട്ടു ചെയ്തു.

മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി സ്ത്രീകള്‍…

പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ ആകെയുള്ള 14,29,700 വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകള്‍ ആണെങ്കിലും വോട്ടു ചെയ്തത് 4,63,148 പേര്‍. 62.05 ശതമാനമാണ് ഇവരുടെ പോളിംഗ്. അതേ സമയം 6,83,307 പുരുഷന്‍മാരില്‍ 4,42,897 പേര്‍ മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒന്‍പതില്‍ ആറു പേര്‍ വോട്ട് ചെയ്ത് 66.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടൂരും റാന്നിയിലും രണ്ടു പേര്‍ വീതവും തിരുവല്ലയിലും ആറന്മുളയിലും ഓരോരുത്തര്‍വീതവുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ വോട്ടു ചെയ്തത്.

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പൂഞ്ഞാറില്‍ ആകെയുള്ള 96,198 സ്ത്രീ വോട്ടര്‍മാരില്‍ 57,807 പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 94,480 പുരുഷന്‍മാരില്‍ 63,271  പേരും വോട്ടുചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ 96,907 സ്ത്രീ വോട്ടര്‍മാരില്‍ 61,667 പേരും 90,990 പുരുഷവോട്ടര്‍മാരില്‍ 62,885 പേരും വോട്ട് അവകാശം വിനിയോഗിച്ചു.

 

പത്തനംതിട്ട ജില്ലയിലും ലോക്സഭാമണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആറന്മുളയ്ക്കാണ്. ഇവിടെ ആകെ സ്ത്രീ വോട്ടര്‍മാര്‍ 1,24,531 ആണ്. ഇതില്‍ 75,744 പേര്‍ വോട്ടു ചെയ്തു. 1,12,100 പുരുഷ വോട്ടര്‍മാരില്‍ 69,361 പേരും വോട്ടുചെയ്തു. ജില്ലയില്‍ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 99,330 സ്ത്രീ വോട്ടര്‍മാരില്‍ 58,482 പേരാണ് വോട്ട് ചെയ്തത്. ഇവിടെ 92,110 പുരുഷ വോട്ടര്‍മാരില്‍ 57,764 പേരും വോട്ടുചെയ്തു.

കോന്നിയില്‍ 68,356 സ്ത്രീകളും തിരുവല്ലയില്‍ 65,560 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയില്‍ 1,06,304 ഉം തിരുവല്ലയില്‍ 1,11,533 ഉം സ്ത്രീവോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാരുടെ കണക്കില്‍ കോന്നിയില്‍ ആകെയുള്ള 94,545 പേരില്‍ 60,675 ഉം തിരുവല്ലയില്‍ 1,00,906 പേരില്‍ 63,021 പേരും വോട്ട് ചെയ്തു. അടൂരിലെ 1,11,581 സ്ത്രീവോട്ടര്‍മാരില്‍ 75,532 പേരും വോട്ടുചെയ്തു. ഇവിടെ 98,176 പുരുഷ വോട്ടര്‍മാരില്‍ 65,920 പേരും വോട്ടു ചെയ്തു.

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ്  ഉറപ്പാക്കി വെബ് കാസ്റ്റിംഗ് സംവിധാനം

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് സംവിധാനം പ്രയോജനകരമായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും 115 സെന്‍സിറ്റീവ് ബൂത്തുകളും ഉള്‍പ്പടെ 808 ബൂത്തുകള്‍ തത്സമയ നിരീക്ഷണത്തിലായിരുന്നു. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിച്ചിരുന്നു. ലൈവ് വെബ് കാസ്റ്റിംഗിലൂടെ ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി.

പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടര്‍ നിരീക്ഷിക്കുകയും തല്‍സമയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള എല്ലാ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തിയിരുന്നു. കള്ള വോട്ട് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുതാര്യവും, സുഗമവും ആക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ല ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും, സംരംഭകരും, ഓപ്പറേറ്റര്‍മാരുമടങ്ങിയ ടീമിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം വെബ് കാസ്റ്റിംഗ് സംവിധാനം വിജയിപ്പിക്കുന്നതിന് സഹായകമായെന്നും കളക്ടര്‍ പറഞ്ഞു.

 

ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍ നോഡല്‍ ഓഫീസറായ വെബ് കാസ്റ്റിംഗ് ടീമില്‍ കെ-സ്വാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിബു മാത്യൂ എബ്രഹാം, അക്ഷയ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ് ഷിനു എന്നിവരടങ്ങുന്ന 15 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ജില്ലാ ഭരണകൂടം, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജില്ലാ ഐടി സെല്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി, എന്നിവയുടെ മികവുറ്റ ഏകോപനത്തോടെ സജ്ജീകരിച്ച സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണം തടസമില്ലാതെ നടത്തുന്നതിന്  വഴിയൊരുക്കി.ലഭിക്കും.

 

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍  സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇന്നലെ (26) രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി.

സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീവോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമായി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി.

എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

error: Content is protected !!