പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികള്‍ക്ക്
സി വിജില്‍ വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് സി വിജില്‍ വഴി ഇതുവരെ ലഭിച്ചത് 2,09,661 പരാതികള്‍. ഇതില്‍ 2,06152 പരാതികളിലും നടപടി സ്വീകരിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെയുള്ള കാലയളവിലാണ് ആപ്പ് മുഖേന 2,09661 പരാതികള്‍ ലഭിച്ചത്.
അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.
അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം (19), മദ്യവിതരണം (52), സമ്മാനങ്ങള്‍ നല്‍കല്‍ (36), ആയുധപ്രദര്‍ശനം (150), വിദ്വേഷപ്രസംഗം (39), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ (23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചിരുന്നു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 3,083 പരാതികള്‍ തള്ളി.
പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സി വിജില്‍ (സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാവുന്നതാണ്. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും സി വിജില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍ ക്യാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
(പിഎന്‍പി 317/24)
സി-വിജില്‍: ജില്ലയില്‍ ലഭിച്ചത് 9856 പരാതികള്‍; 9690 പരിഹാരം
സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 9856 പരാതികള്‍. ഇതില്‍ 9690 പരാതികള്‍ പരിഹരിച്ചു. 163 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. ബാക്കി പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു.
അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ലഭിച്ചത്. അടൂര്‍ 5266,ആറന്മുള 1601, കോന്നി 1226, റാന്നി 710, തിരുവല്ല 1050 പരാതികളാണ് ലഭിച്ചത്.ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
സെല്‍ഫി കോണ്ടസ്റ്റുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് സംസ്ഥാനതലത്തില്‍ കഥ ആഡ്‌സുമായി ചേര്‍ന്ന് സെല്‍ഫി കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. വോട്ട് ചെയ്യാനായി മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ വില്‍ വോട്ട് സെല്‍ഫി കോണ്ടസ്റ്റ് നടത്തുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. പങ്കെടുക്കേണ്ട വിധം:-
– s.unizone.one/eci24 എന്ന ലിങ്ക് വിസിറ്റ് ചെയ്യുക
– ഫോണ്‍ നമ്പര്‍ പൂരിപ്പിച്ച ശേഷം സെല്‍ഫി എടുക്കുക
– അത് നിങ്ങളുടെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഷെയര്‍ ചെയ്യുക
അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഇന്ന് (22) അവസാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ട് ഇന്ന് (22) കൂടി രേഖപ്പെടുത്താം. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താം. അവരവര്‍ക്ക് വോട്ടുള്ള നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് വോട്ട് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈയ്യില്‍ കരുതണം.
വോട്ടിങ്ങ് കേന്ദ്രങ്ങള്‍
തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: റാന്നി സെന്റ് തോമസ് കോളജ്
ആറന്മുള: പത്തനംതിട്ട കാതലിക്കേറ്റ് കോളജ്
കോന്നി: കോന്നി എസ് എന്‍ പബ്ലിക് സ്‌കൂള്‍
അടൂര്‍ : അടൂര്‍ ഗവ.യു.പി.എസ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസ്
പൂഞ്ഞാര്‍ : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസ്
വിഎഫ്സി : ഇന്നു(22) മുതല്‍ 24 വരെ വോട്ട് രേഖപ്പെടുത്താം
ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍
പരിശീലന കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് ഇന്ന് (22) മുതല്‍ 24 വരെ വോട്ട് രേഖപ്പെടുത്താം. മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററായ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടവകാശം വിനിയോഗിക്കാമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസില്‍ വോട്ട് രേഖപ്പെടുത്താം. ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത് 11,472 പേര്‍
അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍ 20 വരെ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത് 11,472 പേര്‍. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് സൗകര്യം ഒരുക്കിയത്. 85 വയസ് പിന്നിട്ട 9,485 പേരും ഭിന്നശേഷിക്കാരായ 1,987 പേരുമാണ് ഇത്തരത്തില്‍ സമ്മതിദാനം വിനിയോഗിച്ചത്. മണ്ഡലത്തില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണുള്ളത്.
12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്‌പെഷ്യല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ഒരു പോളിങ് ഓഫീസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടന്ന വീട്ടില്‍ വോട്ട് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
പോളിങ് ബൂത്തുകള്‍ ഹരിത ചട്ടം പാലിക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കുടിവെള്ള ഡിസ്‌പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്‌പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പോളിങ് സ്റ്റേഷനുകളില്‍ ക്രമീകരണം
വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ശരിയായ അടയാളങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കും. അക്ഷരങ്ങള്‍ വോട്ടര്‍ക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്ന വിധമായിരിക്കും ക്രമീകരണം.
വോട്ട് ചെയ്യുന്നത് മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുത്
ഒരു വോട്ടര്‍ തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത് ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വോട്ടവകാശത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കംപാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോകാന്‍ പാടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുള്ള മാധ്യമ പ്രവര്‍ത്തകരെ മാത്രമേ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ഈ തിരിച്ചറിയല്‍ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കും. ഒരേ സമയം കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പോളിംഗ് സ്റ്റേഷനിലെ സ്ഥല സൗകര്യം, വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നവരുടെ തിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും പ്രിസൈഡിംഗ് ഓഫീസര്‍ തീരുമാനം എടുക്കുക. ഇക്കാര്യത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കാണ് പൂര്‍ണ ചുമതല.