Trending Now

പത്തനംതിട്ട : 17 നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു; ഏഴെണ്ണം തള്ളി : ഇനി എട്ട് സ്ഥാനാര്‍ഥികള്‍

Spread the love

 

konnivartha.com: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അംഗീകരിച്ചു.

എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി എന്നിവരുടെ നാല് സെറ്റ് പത്രികകളും സ്വീകരിച്ചു.

എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി രാജു എബ്രഹാം (രണ്ട് സെറ്റ്), ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ എന്നിവരുടെ പത്രികകള്‍ തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്.

ബി എസ് പിയുടെ ഗീതാകൃഷ്ണന്റെ മൂന്ന് പത്രികകള്‍ തള്ളിയപ്പോള്‍ ഒരെണ്ണം സ്വീകരിച്ചു. അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി എം കെ ഹരികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളും സ്വീകരിച്ചു. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോയ് പി മാത്യു നല്‍കിയ രണ്ടു പത്രികകളില്‍ ഒന്ന് സ്വീകരിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പു പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന പൂര്‍ത്തിയായത്. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, രാഷ്ട്രീയകകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സൂക്ഷ്പരിശോധനയില്‍ സന്നിഹിതരായിരുന്നു.ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാം. എട്ടിനാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ്.

error: Content is protected !!