Trending Now

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ (22/03/2024 )

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

ലോക സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരം. അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 25 വരെ സമര്‍പ്പിക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ സാധിക്കൂ.

തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും.
പുതുതായി പേരു ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി https://voters.eci.gov.in/ വെബ്സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷയില്‍ വോട്ടര്‍മാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ വോട്ടര്‍മാരുടെ ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി കൈമാറും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് എസ്.എം.എസായി ലഭിക്കും. ഐഡി കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് പേര് പട്ടികയില്‍ ചേര്‍ത്തതിന് ശേഷം ബി.എല്‍.ഒ/ പോസ്റ്റ് മുഖേനയോ താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടോ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

2024 പൊതുതെരഞ്ഞെടുപ്പ്; അച്ചടിശാല ഉടമസ്ഥരും മാനേജര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം

2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ അഥവാ സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കല്‍ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍ വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് (ബ്ലോക്ക്പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) മൂന്നു ദിവസത്തിനകം കൈമാറണം.നിര്‍ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുവേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

2024 പൊതുതെരഞ്ഞെടുപ്പ്; പണം, മദ്യം, ആയുധങ്ങള്‍,വസ്ത്രങ്ങള്‍, ആഭരണങ്ങള്‍,
സമ്മാനങ്ങള്‍ ഇവയ്ക്ക് രേഖകള്‍ കരുതണം

ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന ജില്ലയില്‍ ഉടനീളം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 50,000 രൂപയില്‍ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

2024 പൊതുതെരഞ്ഞെടുപ്പ്; ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ ബുക്കിംഗ് വിവരങ്ങള്‍ അറിയിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) രേഖാമൂലം അറിയിക്കണം. ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു വേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം /പിന്‍വലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് വഴി അസ്വാഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാര്‍ഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/ പിന്‍വലിക്കല്‍, രാഷ്ട്രീയപാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍ /പിന്‍വലിക്കല്‍, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്കുവേണ്ടി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!