ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂം ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോള്‍ ഫ്രീ നമ്പരിലും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറൂം സേവനം ലഭ്യമാണ്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനം സംഘടിപ്പിച്ചു
ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റല്‍ വോട്ടുകള്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശീലനപരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പോസ്റ്റല്‍ വോട്ടുകളെ കുറിച്ചുള്ള ക്ലാസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരും സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരുമായ രജീഷ് കുമാര്‍, രാകേഷ് കുമാര്‍ എന്നിവര്‍ നയിച്ചു.
ഭിന്നശേഷി വോട്ടര്‍മാരുടെ വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍, അവശ്യസേവനങ്ങള്‍, തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്റ്റേറ് ലെവന്‍ മാസ്റ്റര്‍ ട്രെയിനറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 40 സ്‌ക്വാഡുകള്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടിയന്തര യോഗം 18 ന്
2024 ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളുടെ റേറ്റ് നിശ്ചയിക്കുന്നതിലേക്കായി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 18 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ലോക സഭാ തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
ലോക സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം /പിന്‍വലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് വഴി അസ്വാഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാര്‍ഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/ പിന്‍വലിക്കല്‍, രാഷ്ട്രീയപാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍ /പിന്‍വലിക്കല്‍, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്കുവേണ്ടി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.