Trending Now

അട്ടത്തോട് ഗവ.ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനം ചെയ്തു

 

അറിവ് നേടാനുള്ള അവസരം കുട്ടികള്‍ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ വികസപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടതും അറിവ് അഭ്യസിക്കാന്‍ കഴിയാതെ വരുന്നതുമായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ അവരെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്തിക്കാന്‍ സാധിക്കൂ.

 

ഏകധ്യാപിക വിദ്യാലയത്തില്‍ നിന്നും എല്‍പി സ്‌കൂളിലേക്ക് ഉള്ള സ്‌കൂളിന്റെ വികസനം കുട്ടികള്‍ക്ക് അറിവിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും ഭാവിയില്‍ എല്‍പിയില്‍ നിന്നും യുപി തലത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹോസ്റ്റല്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

റാന്നിയിലെ ഭാവിയുടെ ചുവട് വയ്പ്പാണ് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളിന്റെ പ്രവേശനോത്സവത്തിലൂടെ നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ മനസിലാക്കാനും സാമൂഹികവും സംസ്‌കാരികവുമായ അറിവുകളെ പരിപോഷിപ്പിക്കാനും സാധിക്കും.അറിവ് നേടാനും പഠനം രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും റാന്നിയുടെ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനും നോളജ് മിഷന്‍ പദ്ധതി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും എം എല്‍എ പറഞ്ഞു. അട്ടത്തോടിലെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തുകയും ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് സ്‌കൂളിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ നിര്‍മാണമാരംഭിക്കുമെന്നും സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നാക്കി അട്ടത്തോട് ട്രൈബല്‍ സ്‌കൂളിനെ മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ഐജി സ്പര്‍ജന്‍ കുമാര്‍, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വൈസ് പ്രസിഡന്റ് ഡി ശ്രീകല, വാര്‍ഡ് അംഗം മഞ്ചു പ്രമോദ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ ടി സുധീര്‍, പ്രധാനധ്യാപകന്‍ ബിജു തോമസ് അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.