പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/02/2024 )

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരുവര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

 

പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ നാലു വരെ കൊല്ലം പോളയത്തോട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.പ്രതിമാസം 57525 രൂപയാണ് ശമ്പളം.
ഫോണ്‍: 0474-2742341

 

ഗതാഗത നിയന്ത്രണം

ആറന്മുള കുഴിക്കാല ഗണപതി ടെമ്പിള്‍ റോഡില്‍ ടാറിംഗ് ഇന്നു (1) മുതല്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ചുവരെ ഈ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ടുളളതായി പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം കൊല്ലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

സായംപ്രഭ വയോജന കലാമേള ഉദ്ഘാടനം ചെയ്തു
സായംപ്രഭ വയോജന കലാമേള 2024 ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യവും മാനസിക ഉല്ലാസവും സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് സായംപ്രഭ. അങ്കണവാടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സായംപ്രഭ വയോജന ക്ലബ്ബ്കളില്‍ അംഗമായ മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ എണ്‍പതിലധികം വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. ആര്‍ അനീഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം. പി. തോമസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്,  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,   ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍  യു. അബ്ദുള്‍ബാരി, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താരാ തുടങ്ങിയവര്‍ പങ്കെടുത്തു.

നെല്ലിക്കല്‍പ്പടി – പുളിയില്‍ കോളനിപ്പടി റോഡ് നിര്‍മാണത്തിന് ഭരണാനുമതി:
ജോണ്‍ ബ്രിട്ടാസ് എംപി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു

പന്തളം നഗരസഭയിലെ 31, 32, 33 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന നെല്ലിക്കല്‍പ്പടി – പുളിയില്‍ കോളനിപ്പടി റോഡ് നിര്‍മാണത്തിന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എം പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രുപ അനുവദിച്ചു. റോഡ് നിര്‍മാണത്തിനു ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കാണ് നിര്‍മാണ ചുമതല.

വാട്ടര്‍ ടാങ്ക് വിതരണം
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്  നിര്‍വഹിച്ചു.  2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  30  ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കിയത്. ശാന്തമ്മ ആര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കു മോനി വര്‍ഗീസ്, ഷൈജു എം സി, ഷീന മാത്യു, ചന്ദ്രു എസ് കുമാര്‍, ശില്പ പ്രദീപ്, അനിത, ബിന്ദു എന്നിവര്‍ പങ്കെടുത്തു.

 

പരിശീലന പരിപാടി
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 മുതല്‍ 16 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ,ജിഎസ്ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ  www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484
2532890,2550322,7012376994

തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി) ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം.കോഴ്സ് , യോഗ്യത എന്നീ ക്രമത്തില്‍
പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) ഡിഗ്രി,
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്,സി/ എം.എസ്.സി/ ബി.സിഎ ,
ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)-എസ്.എസ്.എല്‍.സി,
ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു ,
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), -എസ്.എസ്.എല്‍.സി.
വെബ്സൈറ്റ്: www.ihrd.ac.in

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട  പ്രോജക്ടിന്റെ  അധീനതയിലുള്ള (ഇലന്തൂര്‍, കൊറ്റനാട്, റാന്നി-പെരുനാട്) നൂല്‍പ്  കേന്ദ്രങ്ങളില്‍  ഉപയോഗശൂന്യമായി കിടക്കുന്ന  118 ചര്‍ക്കകള്‍  കി.ഗ്രാം അടിസ്ഥാനത്തില്‍  എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍: 0468-2362070

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടിവര്‍ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം ) കാറ്റഗറി നം.733/2022 തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ദര്‍ഘാസ് ക്ഷണിച്ചു  
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണമായ ഇലക്ട്രിക്ക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓണ്‍ലൈനായി സമര്‍പ്പിയ്ക്കാവുന്ന അവസാന തീയതി മാര്‍ച്ച് 18 ന് വൈകുന്നേരം അഞ്ചുവരെ. വെബ് സൈറ്റ് : www.etenders.kerala.gov.in. ഫോണ്‍ : 04682325168, 8281999004

error: Content is protected !!