പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 28/02/2024 )

ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ജോലി നല്‍കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കില്‍ ഹബ്ബ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളില്‍ നോളജ് സെന്റര്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി നല്‍കണം. ജനപ്രതിനിധികള്‍ ജോബ് സെന്ററുകളുടെ അംബാസിഡര്‍മാരാകണം.
തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷന്‍

തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താന്‍ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . ജോബ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതു കൊണ്ട് മാത്രം തൊഴിലന്വേഷകരുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നില്ല. അപേക്ഷകര്‍ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒഴിവുകള്‍ വരുമ്പോള്‍ അവയില്‍ അപേക്ഷ നല്‍കുകയും വേണം. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ വിഷയാവതരണം നടത്തി.

വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി. ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് സ്റ്റേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി.കെ.ജയിംസ്, അമ്പിളി പ്രഭാകരന്‍ നായര്‍ ,ഉഷാ സുരേന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.എ.ശ്രീകാന്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു
പെരിങ്ങര ഗ്രാമപഞ്ചായത്തുതല പാലിയേറ്റീവ് രോഗി കുടുംബ സംഗമം ചാത്തന്‍ങ്കേരി സാമൂഹ്യ ആരോഗ്യ കേന്ദ്ര ഹാളില്‍  തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷ്യ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  വിഷ്ണു നമ്പൂതിരി വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്തു.  പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജയ എബ്രഹാം, സുഭദ്രരാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി ഷൈജു, സൂസന്‍ എബ്രഹാം, ശാന്തമ്മ ആര്‍ നായര്‍, റിക്കു മോനി വര്‍ഗീസ്, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്‍,സനല്‍ കുമാരി, ചന്ദ്രു എസ് കുമാര്‍, ഷീന മാത്യു, മാത്തന്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി,മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ് ശാലിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്, കുഞ്ഞുമോള്‍ ഷാജി, അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാപ്‌ടോപ്പ് നല്‍കി
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികജാതി കുട്ടികള്‍ക്കു നല്‍കുന്ന ലാപ്‌ടോപ്പ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, രാജി വിജയകുമാര്‍, പ്രസന്നടീച്ചര്‍, സിറിയക്ക് തോമസ്, സെക്രട്ടറി അജയഘോഷ്, നിര്‍വഹണ ഉദ്യോഗസ്ഥ രാജി എന്നിവര്‍ പങ്കെടുത്തു.

പോലീസ് കോണ്‍സ്റ്റബിള്‍; പുനരളവെടുപ്പ്  ഫെബ്രുവരി  29 ന്
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍)(കാറ്റഗറി നമ്പര്‍. 537/2022) തസ്തികയ്ക്കായി  ഫെബ്രുവരി 6,7,8,9,12,13,14,15,16 എന്നീ തീയതികളില്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, പത്തനംതിട്ട എന്നിവിടങ്ങളിലും 6,7,8,9 എന്നീ തീയതികളില്‍ എസ്.എന്‍ കോളേജ് ഗ്രൗണ്ട് കൊല്ലം, എം.എം. എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ട് കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലും നടത്തിയ ശാരീരിക അളവെടുപ്പ്/ കായികക്ഷമതാപരീക്ഷയില്‍ പങ്കെടുത്ത്, കായികക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുളള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ്  ഫെബ്രുവരി  29 ന്  കേരള പി.എസ്.സി ആസ്ഥാന ഓഫീസ്, പട്ടം, തിരുവനന്തപുരത്ത്  നടത്തുന്നു.ഫോണ്‍ . 0468 2222665.

 

പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇന്ന് (28)
പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ ഇന്ന് (28) വൈകിട്ട് അഞ്ചിന് പെരുമ്പെട്ടിയില്‍ നിര്‍വഹിക്കും. ഡിജിറ്റല്‍ റീസര്‍വേയുടെ രണ്ടാംഘട്ട നടപടികളുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എ. ഷിബു, തിരുവല്ല സബ് കളക്ടറും ഡിജിറ്റല്‍ സര്‍വേ നോഡല്‍ ഓഫീസറുമായ സഫ്‌ന നസറുദീന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളേയും  അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളേയും  രാവിലെ  11 മുതല്‍  വൈകിട്ട് നാലു വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 8075301290, 0468 2214589.

ഗതാഗത നിയന്ത്രണം
ജണ്ടായിക്കല്‍- അത്തിക്കയം റോഡില്‍ അത്തിക്കയം മുതല്‍ ജണ്ടായിക്കല്‍ വരെ  ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നുമുതല്‍ (28) മാര്‍ച്ച് 10 വരെ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ബംഗ്ലാംകടവ്- വടശേരിക്കര റോഡും, കക്കുടുമണ്‍ -മന്ദമരുതി റോഡും ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍  മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ്  ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് ഫീസ് 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9446079191, 0479 2452210/2953150

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ പ്രതിമാസം 16 ദിവസം ഭവന സന്ദര്‍ശനം  നടത്തുന്നതിനായി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ആശ വര്‍ക്കര്‍ , മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിലേക്കായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന  ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ ; 9497713258.

ഒറ്റത്തവണ ആശ്വാസ ധനസഹായം

അസംഘടിത മേഖലയിലെ ദിവസ വേതനക്കാരും, ദുരിതമനുഭവിക്കുന്നവരുമായ തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ആശ്വാസ ധനസഹായം നല്‍കുന്നു.  അപേക്ഷകര്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരും, തളര്‍വാതം, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ക്ഷയം, ട്യൂമര്‍, വൃക്ക രോഗങ്ങള്‍ എന്നീ മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരും  മറ്റ് ക്ഷേമനിധികളില്‍ അംഗങ്ങള്‍ അല്ലാത്തവരുമാകണം.  അപേക്ഷകള്‍ അതാത് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍നിന്നും ലഭിക്കും.  ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍നിന്നും രോഗ വിവരവും, ചികിത്സ സംബന്ധിക്കുന്നതുമായ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അതാത് ലേബര്‍ ഓഫീസര്‍മാര്‍ക്ക്  നല്‍കണം.  മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
പത്തനംതിട്ട : 8547655373,റാന്നി : 8547655374.തിരുവല്ല : 8547655375, മല്ലപ്പള്ളി : 8547655376, അടൂര്‍ : 8547655377

അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ ഉള്ള തീവ്രയത്‌നപരിപാടിയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ല്‍ മുന്നോട്ടു വച്ച  ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ ജില്ലയില്‍ 5000 പേര്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്നതിന് വിവിധ തൊഴില്‍ദാതക്കളെ കൂട്ടിച്ചേര്‍ത്തു ക്രിയാത്മകമായ ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്.  ആറന്മുള നിയോജക മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്‍ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ആണ്. തൊഴില്‍ എന്ന ലക്ഷ്യം നേടാന്‍ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധര്‍, കെ.ബി ശശിധരന്‍പിള്ള, സി.എസ് ബിനോയ്, വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ്  സര്‍ക്കാരിന്റേത് : മന്ത്രി റോഷി അഗസ്റ്റിന്‍

സാമൂഹികനീതിയിലധിഷ്ഠിതമായ  സമഗ്രവികസനമാണ്  സര്‍ക്കാരിന്റേതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുമ്പമണ്‍ താഴംമണ്ണാകടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മണ്ണാകടവില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്.  മണ്ണാകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളില്‍  നിവാസികള്‍ക്ക് ഗതാഗത സൗകര്യം കൂടുതല്‍ ഉപയോഗപ്രദമാകും. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും. മണ്ഡലത്തില്‍ മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

മണ്ണാകടവിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനസര്‍ക്കാര്‍. റോഡുകള്‍, പാലങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, തൊഴില്‍, കുടിവെള്ളം തുടങ്ങി വിവിധ മേഖലകളില്‍ സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തയാകുമ്പോള്‍ പാലത്തിനരികിലും പാലത്തിലും ഹൈമാസ്റ്റ് ലൈറ്റ് സജ്ജീക്കരിക്കുമെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടുകൂടി മണ്ണാകടവ് നിവാസികള്‍ക്ക് പന്തളത്തേക്കും തുമ്പമണ്‍ നിവാസികള്‍ക്ക് മണ്ണാകടവ്, കുളനട ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 5.28 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന  കേരളത്തിലെ പ്രധാന നദികളില്‍ ഒന്നാണ് അച്ചന്‍കോവിലാര്‍. ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട ഗ്രാമപഞ്ചായത്തിലെയും അടൂര്‍ നിയോജക മണ്ഡലത്തിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ  ആവശ്യമായിരുന്നു അച്ചന്‍കോവിലാറിന് കുറുകെ മണ്ണാകടവ് ഭാഗത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം.
84.8 മീറ്ററാണ്  പാലത്തിന്റെ ആകെ നീളം. ഇതില്‍ രണ്ട് സ്പാനുകള്‍ ജലത്തിലും രണ്ട് സ്പാനുകള്‍ കരയിലുമായി വിഭാവനം ചെയ്തിരിക്കുന്നു. ഇരുകരകളിലുമായി രണ്ട് അബട്ട്‌മെന്റുകളും മധ്യ ഭാഗത്തായി മൂന്ന് തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്‌വേയുടെ വീതി 4.25 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും ആറിന്റെ തീരസംരക്ഷണത്തിനായി ഗാബിയോണ്‍ ഭിത്തിയും അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, കുളനട ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത്,  കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ ബേസിന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

error: Content is protected !!