konnivartha.com: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ആരോഗ്യനയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ജില്ലയിലും പുതിയ ചുവടുവെയ്പ്പുകളാണ് നടക്കുന്നത്. നൂതന ചികിത്സ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകണം. നിലവില്‍ സംസ്ഥാനത്തു 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 680 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങള്‍ ആയി മാറണം.
ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രത്തെയും കുടുംബാരോഗ്യ കേന്ദ്രമാക്കും. കൃത്യമായ ചികിത്സാ രീതിയിലൂടെ ആരോഗ്യ സേവന മേഖല കൂടുതല്‍ മികവുറ്റതാകുമെന്നും ഇതിനോടാനുബന്ധിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമുള്‍പ്പടെ ആറന്മുള ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളുടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും വല്ലന സാമൂഹിക ആരോഗ്യകേന്ദ്രം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2023-24 വര്‍ഷത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയും, സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 51 ലക്ഷം രൂപയും ചെലവിലാണ് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി കെട്ടിടം നിര്‍മിക്കുന്നത്.
ആര്‍ദ്രം മിഷനിലൂടെ 6200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പ്രൈമറി, സെക്കണ്ടറി ഫാര്‍മസി വെയ്റ്റിംഗ് ഏരിയ, ഒപി രജിസ്ട്രേഷന്‍, പ്രീ ചെക്ക്, മൂന്ന് ഒപി മുറികള്‍, ഇന്‍ജെക്ഷന്‍ റൂം, ഡ്രസ്സിംഗ് റൂം, ഇ സി ജി മുറി, നഴ്സിംഗ് സ്റ്റേഷന്‍, ഫാര്‍മസി ആന്‍ഡ് ഫാര്‍മസി സ്റ്റോര്‍, ഓപ്പറേഷന്‍ വാര്‍ഡ്, ഫീഡിംഗ് റൂം എന്നിവയും രണ്ടാം നിലയില്‍ പാലിയേറ്റിവ് റൂം, പാലിയേറ്റീവ് സ്റ്റോര്‍, ആര്‍ എന്‍ ടി സി പി റൂം, ഇ-ഹെല്‍ത്ത് റൂം, ഐ യു സി ഡി മുറി, ലാബ്, സാമ്പിള്‍ കളക്ഷന്‍ റൂം തുടങ്ങിയവയാണ് സജ്ജീകരിക്കുന്നത്.
ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി എസ് അനീഷ് മോന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു