ആരോഗ്യകേരളം പുരസ്‌കാര വിതരണം ജൂണ്‍ 12 ന്

 

 
മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലയിലെ കരവാളൂര്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് പ്രോത്സാഹനസമ്മാനം ലഭിച്ചു.

ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം: തിരുവനന്തപുരം- വാമനപുരം, കുളത്തൂര്‍, മാറനല്ലൂര്‍. കൊല്ലം- ചിറക്കര, ആലപ്പാട്, തെക്കുംഭാഗം. പത്തനംതിട്ട- തോട്ടപ്പുഴശ്ശേരി (ഒന്നാംസ്ഥാനം), ആലപ്പുഴ- ചേന്നംപള്ളിപ്പുറം (പ്രോത്സാഹന സമ്മാനം), കോട്ടയം- മുത്തോളി (പ്രോത്സാഹന സമ്മാനം). ഇടുക്കി- ആലക്കോട്, കടുയത്തുര്‍. (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). എറണാകുളം- അയവന (ഒന്നാംസ്ഥാനം), തൃശ്ശൂര്‍- പൊയ്യ (ഒന്നാംസ്ഥാനം), പാലക്കാട് – പുതുക്കോട് (ഒന്നാംസ്ഥാനം), മലപ്പുറം – എടക്കര (പ്രോത്‌സാഹന സമ്മാനം), കോഴിക്കോട് – അരിക്കുളം, ഇടച്ചേരി (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). വയനാട്- എടവക, പൂത്താടി, വൈത്തിരി (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം), കണ്ണൂര്‍- ചെറുപുഴ (പ്രോത്സാഹന സമ്മാനം), കാസര്‍ഗോഡ്- ഈസ്റ്റ് എളേരി (ഒന്നാംസ്ഥാനം). സംസ്ഥാനതലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ചുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് പുരസ്‌കാരത്തുക. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യമേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി. തദ്ദേശസ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യപദ്ധതി മുഖേന നടപ്പാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആരോഗ്യകേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട്‌വെയര്‍ സംവിധാനത്തിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആരോഗ്യകേരളം പുരസ്‌കാരവിതരണം ജുണ്‍ 12ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!