അരുവാപ്പുലം- ഐരവണ്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം : മന്ത്രി പി എ മുഹമ്മദ് റിയാസ്

അരുവാപ്പുലം- ഐരവണ്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
നിര്‍മാണം 12.25 കോടി രൂപ മുതല്‍മുടക്കില്‍

പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അരുവാപ്പുലം , ഐരവണ്‍ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഈ പാലം. 12.25 കോടി രൂപയാണ് അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി അനുവദിച്ച് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് നൂറ് പാലങ്ങള്‍ എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ആ ലക്ഷ്യം മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നേടിയെടുത്തുവെന്നും അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എയുടെ കഠിനായ പരിശ്രമം കോന്നിയുടെ വികസനത്താളുകളില്‍ അടയാളപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഐരവണ്‍, അരുവാപ്പുലം പഞ്ചായത്തുകളില്‍ ഈ പാലം സാധ്യമാകുന്നതോടെ വികസനത്തിന്റെ വേഗത സാധ്യമാകുമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിന് കാലതാമസം നേരിട്ടപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഇന്ന് ഐരവണ്‍, അരുവാപ്പുലം പഞ്ചായത്ത് നിവാസികളുടെ വലിയ ഒരു സ്വപ്നം പൂവണിയുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ കോന്നി മണ്ഡലത്തിലും വലിയ വികസനമാണ് നടക്കുന്നത്. റോഡുകളുടെ നിര്‍മാണം, കുടിവെള്ളപദ്ധതികള്‍ , സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ മേഖലകളിലും മാറ്റമുണ്ടായി. അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ്. 352 കോടി മുതല്‍മുടക്കിലാണ് മെഡിക്കല്‍ കോളേജിലെ വികസനം സാധ്യമാക്കിയത്.

 

ഉന്നതനിലാവരത്തിലുള്ള ഉപകരണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള മികച്ച സൗകര്യം എല്ലാം ഉറപ്പാക്കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണവും പൂര്‍ത്തിയാക്കും. മികച്ച ഗ്രാമപഞ്ചായത്തെന്ന നേട്ടം സ്വന്തമാക്കി അരുവാപ്പുലം പഞ്ചായത്ത് കോന്നിയുടെ അഭിമാനത്തെ വാനോളമുയര്‍ത്തിയെന്നും ഇനിയും വലിയ നിലയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ എ ഷിബു, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംവി അമ്പിളി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. റ്റി അജോമോന്‍, ജിജോ മോഡി, അരുവാപ്പുലം ഗ്രാമപഞ്ചായ്ത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, കെഎഫ്ഡിസി അംഗം പി ആര്‍ ഗോപിനാഥന്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ പ്ലാവിളയില്‍, അരുവാപ്പുലം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗം കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി സിന്ധു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി എന്‍ ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ശ്രീകുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ രഘുനാഥ് ഇടത്തിട്ട, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!