konnivartha.com: പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ രാജി വച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ്. വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ആര്‍. അജയകുമാര്‍, ജിജി മാത്യൂ, ബീന പ്രഭ, ലേഖ സുരേഷ് എന്നിവര്‍ക്കൊപ്പം പത്തനംതിട്ട പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്.
എല്‍ഡിഎഫിലെ ധാരണ പ്രകാരം ആദ്യ മൂന്നു വര്‍ഷം സിപിഎമ്മിനും പിന്നീടുള്ള രണ്ടു വര്‍ഷം സിപിഐക്കും കേരളാ കോണ്‍ഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ധാരണ പ്രകാരം ശങ്കരന്‍ കഴിഞ്ഞ മേയ് മാസത്തില്‍ സ്ഥാനമൊഴിയേണ്ടിയിരുന്നതാണ്. ധാരണ പാലിക്കാത്തത് മുന്നണിയില്‍ വിവാദത്തിനും കാരണമായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് ഓമല്ലൂര്‍ ശങ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
കാര്‍ഷിക മേഖലയിലും സമ്പൂര്‍ണ്ണ ശുചിത്വ രംഗത്തും ആരോഗ്യവിദ്യാഭ്യാസ രംഗങ്ങളിലും നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ടുപോയ ചില പദ്ധതികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ആദ്യത്തെ ഒരു വര്‍ഷം കോവിഡും പ്രളയവും മൂലമുണ്ടായ കെടുതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ടി വന്നതുമൂലം പിന്നീടുള്ള രണ്ടു വര്‍ഷമാണ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സാഹചര്യമുണ്ടായത്.
ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് ജില്ലാ പ്ലാന്‍ എന്ന നിലയില്‍ പദ്ധതികള്‍ രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരികയാണ്. ജില്ലാ പഞ്ചായത്തില്‍ അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കാനും ഭരണപക്ഷ പ്രതിപക്ഷ ഭിന്നതയില്ലാതെ എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്താനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അഡ്വ. ഓമല്ലൂര്‍ശങ്കരന്‍ അദ്ധ്യക്ഷ പദം ഒഴിയുന്നത്.
അധ്യക്ഷപദം ഇനി സിപിഐക്കാണ്. പാര്‍ട്ടിക്കുളളില്‍ സമീപകാലത്തുണ്ടായ വിഭാഗീയതയും ജില്ലാ സെക്രട്ടറിയുടെ തരംതാഴ്ത്തലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. പള്ളിക്കല്‍ ഡിവിഷനില്‍ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ് എന്നാണ് പറയുന്നു. രാജി പി. രാജപ്പനാണ് മറ്റൊരു സിപിഐ അംഗം. ഈ കമ്മറ്റിയുടെ തുടക്കത്തില്‍ രാജി വൈസ് പ്രസിഡന്റായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തരംതാഴ്ത്തപ്പെട്ടെങ്കിലും മുന്‍ ജില്ലാ സെക്രട്ടറി എ.പി ജയന്‍ സിപിഐയില്‍ ശക്തനാണ്. ജയന്‍ അനുകൂലികള്‍ ശ്രീനാദേവിയെ പ്രസിഡന്റാക്കാതിരിക്കാന്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ശ്രീനാദേവിയുടെ പരാതിയിലാണ് ജയന് സ്ഥാനം തെറിച്ചതും പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ടതും. ഈ സാഹചര്യത്തില്‍ രാജി പി. രാജപ്പനെ പ്രസിഡന്റാക്കാന്‍ വേണ്ടി ജയന്‍ പക്ഷം സജീവമാണ്.